
കൊച്ചി: എറണാകുളം (Ernakulam) പെരുമ്പാവൂരിലെ റോഡുകൽ മരണക്കുഴികളാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ട് പേരാണ് മരിച്ചത്. തിങ്കളാഴ്ച സ്കൂട്ടർ യാത്രക്കാരൻ കുഴിയിൽ വീണ് മരിച്ചു. ഒക്ടോബർ 23ന് ഓട്ടോ ഡ്രൈവറും റോഡിലെ കുഴിയിൽ വീണ് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചു (Accident Death).
അപകടങ്ങൾ പതിവാകുകയും രണ്ടാഴ്ചയ്ക്കിടെ രണ്ട് ജീവൻ പൊലിയുകയും ചെയ്തതോടെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വം. പെരുമ്പാവൂർ പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് ഡിവിഷൻ അസി. എക്സിക്യുട്ടീവ് എൻജിനീയറെ റോഡ് നവീകരണം ആവശ്യപ്പെട്ട് വാഴക്കുളം കോൺഗ്രസ് നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു.
മണ്ഡലം പ്രസിഡന്റ് ഷെമീർ തുകലിൽ, ഡിസിസി ജനറൽ സെക്രട്ടറി ടിഎച്ച് അബ്ദുൾ ജബ്ബാറിന്റെയും ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്താണ് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് ഡിവിഷൻ അസി. എക്സിക്യുട്ടീവ് എൻജിനീയറെ ഉപരോധിച്ചത്.
തിങ്കളാഴ്ച 11.30ഓടെ പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി. റൂട്ടിൽ മുടിക്കൽ ജങ്ഷന് സമീപത്തുവച്ചുണ്ടായ അപകടത്തിലാണ് 54കാരനായ സുബൈർ മരിച്ചത്. റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ഓട്ടോയിടിച്ച് ഓട്ടോ വെട്ടിച്ച് മാറ്റിയപ്പോൾ അതിലിടിച്ച് സുബൈർ റോഡിൽ വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും സുബൈറിനെ രക്ഷിക്കാനായില്ല.
കുറുപ്പംപടി റോഡിലെ കുഴിയിൽ വീണ് ഓട്ടോ മറിഞ്ഞാണ് ഒക്ടോബർ 23 ന് ഓട്ടോ ഡ്രൈവറായ 35കാരനായ മഹേഷ് മരിച്ചത്. അപകടങ്ങളും മരണങ്ങളും പതിവായിട്ടും അധികൃതർ കണ്ണ് തുറക്കുന്നില്ലെന്നാണ് നാട്ടുകാരും സമരക്കാരും ആരോപിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam