കൊല്ലം മുളയറച്ചാലിൽ മാലിന്യ പ്ലാന്റിൽ മണ്ണിടുന്നത് തടഞ്ഞ് കോൺഗ്രസ് നേതൃത്വം

By Web TeamFirst Published Nov 4, 2021, 3:02 PM IST
Highlights

പ്ലാന്റിന്റെ തന്നെ മറ്റൊരു പുരയിടത്തിൽനിന്ന്‌ മണ്ണുമാന്തി ഉപയോഗിച്ച് മണ്ണെടുക്കുകയായിരുന്നു. പ്ലാന്റിനകത്തുള്ള നീർച്ചാൽ മണ്ണിട്ടു നികത്താനുള്ള ശ്രമമാണ് നടന്നതെന്ന് സമരക്കാർ

കൊല്ലം: കൊല്ലം മുളയറച്ചാലിൽ കോഴിമാലിന്യ പ്ലാന്റിൽ മണ്ണിടുന്നത് കോൺഗ്രസ് നേതൃത്വത്തിലുള്ള സമരസമിതി പ്രവർത്തകർ തടഞ്ഞു. മണ്ണിടുന്നത് സർക്കാർ ഭൂമിയിലാണെന്ന് ആരോപിച്ചാണ് വാഹനങ്ങൾ ഉപയോഗിച്ച് മണ്ണിടുന്നത് സമിതി തടഞ്ഞത്. ബുധനാഴ്ച വൈകീട്ട് നാല് മണിക്കാണ് സംഭവം നടന്നത്. 

കോഴിമാലിന്യ പ്ലാന്റിന്റെ മറ്റൊരു പുരയിടത്തിൽ നിന്നാണ് മണ്ണെടുത്തത്. അതേസമയം പ്ലാന്റിനകത്തുള്ള നീർച്ചാൽ മണ്ണിട്ടു നികത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് സമരക്കാർ ആരോപിച്ചത്. പ്രശ്നം രൂക്ഷമായതോടെ വില്ലേജ് ഓഫീസർ സ്ഥലത്തെത്തുകയും മാനേജ്മെന്റിനോട് മണ്ണിട്ട് നികത്തുന്ന സ്ഥലത്തിന്റെ രേഖകൾ ആവശ്യപ്പെട്ടു.

എന്നാൽ രേഖകൾ സമർപ്പിക്കാൻ കഴിയാതായതോടെ അനുവാദമില്ലാതെ മണ്ണെടുത്തതിന് സ്റ്റോപ്പ് മെമ്മോ നൽകി. പിന്നീട് പൂയ്യപ്പള്ളി പൊലീസ് സ്ഥലത്തെത്തി ടിപ്പറും ജെസിബിയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുളയറച്ചാലിലെ കോഴിമാലിന് പ്ലാന്റിനെതിരെ കോൺഗ്രസ് മാസങ്ങളായി സമരം നടത്തിവരികയാണ്. 

click me!