Fuel Price Cut|'വിജയിച്ചത് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം'; ഇന്ധന വില കുറച്ചതിൽ മധുര വിതരണം, ആഹ്‍ളാദ പ്രകടനം

By Web TeamFirst Published Nov 4, 2021, 1:46 PM IST
Highlights

 യൂത്ത് കോൺഗ്രസിന്റെ സമരമാണ് വിജയിച്ചതെന്നും അതിനാലാണ് ഇന്ധനവില കുറച്ചതെന്നും അവകാശപ്പെട്ടായിരുന്നു പരിപാടി. ദീപാവലി തലേന്ന് ഉണ്ടായത് തിന്മയുടെ മേൽ നന്മയുടെ വിജയമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. സംസ്ഥാന സർക്കാർ നികുതി കുറച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചു

കോട്ടയം: ഇന്ധന വിലകുറച്ചതിൽ (Fuel Price Cut)  ആഹ്ലാദം പ്രകടിപ്പിച്ച് വൈറ്റിലയിലും കോട്ടയത്തും  യൂത്ത് കോൺഗ്രസിന്റെ (YOUTH CONGRESS) മധുര വിതരണം. കോട്ടയത്ത് ഗാന്ധി സ്ക്വയറിൽ വാഹന യാത്രക്കാർക്കും വഴി യാത്രക്കാർക്കും മിഠായിയും ലഡുവും യൂത്ത് കോൺ​ഗ്രസ് വിതരണം ചെയ്തു. യൂത്ത് കോൺഗ്രസിന്റെ സമരമാണ് വിജയിച്ചതെന്നും അതിനാലാണ് ഇന്ധനവില കുറച്ചതെന്നും അവകാശപ്പെട്ടായിരുന്നു പരിപാടി. ദീപാവലി തലേന്ന് ഉണ്ടായത് തിന്മയുടെ മേൽ നന്മയുടെ വിജയമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

സംസ്ഥാന സർക്കാർ നികുതി കുറച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വൈശാഖ് നിയോജക മണ്ഡലം പ്രസിഡണ്ട് രാഹുൽ മറിയപ്പള്ളി എന്നിവർ നേതൃത്വം നൽകി. അതേസമയം, ഇന്ധന വില വർധനവിനെതിരായ ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ കൊച്ചി വൈറ്റിലയിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ യൂത്ത് കോൺഗ്രസ് ഖേദം പ്രകടിപ്പിച്ചു. വൈറ്റിലയിലെ സമരത്തിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നാണ് യൂത്ത് കോൺഗ്രസ് പ്രതിനിധികൾ പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം സമരം നടത്തിയ സ്ഥലത്ത് പ്രവർത്തകരെത്തി മധുരം വിതരണം ചെയ്തു. എന്നാൽ, കേന്ദ്രം വില കുറച്ചെങ്കിലും ഇന്ധന വില സംസ്ഥാനം കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ ഇന്ന് വ്യക്തമാക്കിയിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച് കേന്ദ്ര സർക്കാർ നടപടി പോക്കറ്റടിക്കാരന്റെ ന്യായം മാത്രമെന്നാണ് ധനമന്ത്രി വിശേഷിപ്പിച്ചത്. . ഇന്ധന നികുതിയിൽ നിന്നുള്ള വരുമാനം വെച്ചാണ് സംസ്ഥാനം പെൻഷനും ശമ്പളവുമടക്കമുള്ള ചെലവുകൾക്ക് പണം കണ്ടെത്തുന്നത്. നികുതി കുറയ്ക്കാനാവില്ലെന്നും കേരളം ആറ് വർഷത്തിനിടെ നികുതി വർധിപ്പിച്ചിട്ടില്ലെന്നും പറഞ്ഞ മന്ത്രി കൂട്ടിയ നികുതിയാണ് മറ്റ് സംസ്ഥാനങ്ങൾ കുറയ്ക്കുന്നതെന്നും കുറ്റപ്പെടുത്തി.

Fuel Price Cut|'കേന്ദ്രത്തിന്റേത് പോക്കറ്റടിക്കാരന്റെ ന്യായം'; കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് മന്ത്രി

മോദി സർക്കാർ 2014 ൽ അധികാരത്തിലെത്തുമ്പോൾ 9.48 രൂപയായിരുന്നു എക്സൈസ് നികുതി. അത് പിന്നീട് 32 രൂപ വരെ വർധിപ്പിച്ച് 10 രൂപ കുറക്കുകയാണ് ചെയ്തത്. പോക്കറ്റിലെ കാശ് മുഴുവൻ തട്ടിപ്പറിച്ച് വണ്ടിക്കൂലി തരുന്ന പോക്കറ്റടിക്കാരന്റെ ന്യായമാണ് കേന്ദ്ര സർക്കാരിന്റേതെന്നും അദ്ദേഹം വിമർശിച്ചു. കേരളം ആനുപാതികമായി വില കുറച്ചിട്ടുണ്ട്. ഇക്കാര്യം ഗൗരവമായി കാണണം. ഇപ്പോൾ കേന്ദ്രം കുറച്ചതിന്റെ അടിസ്ഥാനത്തിൽ  സംസ്ഥാനങ്ങൾക്ക് വില കുറയ്ക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ധനമന്ത്രിയുടെ ഭാ​ഗത്ത് നിന്നുള്ള പ്രതികരണം വന്നതോടെ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് കോൺ​ഗ്രസും ബിജെപിയും. കേന്ദ്രം കുറച്ചതിന് അനുപാതികമായി സംസ്ഥാനവും ഇന്ധനനികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുമിച്ചാണ് നികുതി ഭീകരത നടത്തുന്നതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. സംസ്ഥാനവും നികുതി കുറയ്ക്കണം. സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത മനസിലാക്കുന്നുവെന്ന് പറഞ്ഞ സതീശൻ ഫ്യുവൽ സബ്സിഡി കൊണ്ടുവരണമെന്നാണ് ആവശ്യപ്പെടുന്നത്.

Fuel Price | സംസ്ഥാനവും ഇന്ധന നികുതി കുറയ്ക്കണം, സബ്സിഡി വേണം; വി ഡി സതീശൻ

എക്സൈസ് തീരുവ കുറക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്ത കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സംസ്ഥാന സർക്കാർ ആനുപാതികമായി നികുതി കുറയ്ക്കണമെന്നമെന്ന് ആവശ്യപ്പെട്ടു. നികുതി കുറക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ ഇന്ധന വില വർധനക്കെതിരായ കോൺഗ്രസ് സമരം സംസ്ഥാനത്തെ ഇടത് സർക്കാരിന് എതിരെ മാത്രമാക്കുമെന്നും സുധാകരൻ വ്യക്തമാക്കി. കേന്ദ്രസർക്കാറിനെ മാതൃകയാക്കി സംസ്ഥാന സർക്കാരും ഇന്ധനനികുതി കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും ആവശ്യപ്പെട്ടു.

മറ്റു പല സംസ്ഥാനങ്ങളും നികുതി കുറച്ച് കേന്ദ്രത്തിന് പിന്തുണ നൽകിയിട്ടും കേരള സർക്കാർ അതിന് തയ്യാറാകുന്നില്ല. കേന്ദ്രം നികുതി കുറച്ചാൽ കേരളവും നികുതി കുറയ്ക്കാമെന്ന വാഗ്ദാനം പാലിക്കാൻ ധനകാര്യ മന്ത്രി തയ്യാറാവണം. നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ അറിയിച്ചു.

Fuel Price Cut| നികുതി കുറച്ചില്ലെങ്കിൽ പ്രക്ഷോഭമെന്ന് ബിജെപി, സമരം ഇടത് സർക്കാരിനെതിരെ തിരിക്കുമെന്ന് സുധാകരൻ

click me!