
കൽപ്പറ്റ: മുട്ടിലിൽ വീണ്ടും വാഹനാപകടം. ഇന്നലെ അർദ്ധരാത്രിയോടെ നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് യുവാവിന് പരിക്കേറ്റു. അപ്പാട് കീഴാറ്റുകുന്നത്ത് മനോജ് കുമാറിന്റെ മകൻ അനുഭവ് കൃഷ്ണ (21) ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം. പരിക്കേറ്റ അനുഭവിനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. കഴിഞ്ഞു 28ന് താഴെ മുട്ടിലില്‍ ഡബ്ല്യുഎംഒ കോളേജിന് സമീപം നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ഗുരുതര പരിക്കേറ്റ അപകടം ഉണ്ടായിരുന്നു. സ്‌കൂട്ടര്‍ യാത്രക്കാരിക്കും റോഡരികില്‍ നില്‍ക്കുകയായിരുന്ന ഹോട്ടല്‍ ജീവനക്കാരിക്കുമാണ് പരിക്കേറ്റത്.
വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് സ്‌കൂട്ടറിലിടിച്ച ശേഷം സമീപത്തെ ഹോട്ടലിലെ ജോലിക്കാരിയെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഏറെ നാളുകൾക്ക് ശേഷം മുട്ടിൽ വീണ്ടും അപകട മേഖലയായി മാറുകയാണ്. കഴിഞ്ഞ ദിവസം ദേശീയ പാതയിൽ വാര്യാട് കാർ മരത്തിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ച അപകടവും ഉണ്ടായി. ഈ അപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റിട്ടുമുണ്ട്.
വെള്ളം വാങ്ങി തിരികെ കയറുമ്പോൾ കാൽ വഴുതി ട്രാക്കിൽ വീണ യുവതിക്ക് ദാരുണാന്ത്യം
തൃശൂർ: ട്രെയിൻ യാത്രക്കിടെ വെള്ളം വാങ്ങാൻ പ്ലാറ്റ്ഫോമിലിറങ്ങി തിരികെ കയറുന്നതിനിടെ ട്രാക്കിൽ വീണ് യുവതി മരിച്ചു. അച്ഛനും അമ്മയ്ക്കുമൊപ്പം ട്രെയിനിൽ സഞ്ചരിക്കവെയാണ് മത്സ്യത്തൊഴിലാളിയായ കൊച്ചി തോപ്പുംപടി മുണ്ടംവേലി മുക്കത്തുപറമ്പ് അറയ്ക്കൽ ജേക്കബ് ബിനുവിന്റെയും മേരി റീനയുടെയും മകൾ അനു ജേക്കബ് (22) മരിച്ചത്. കഴിഞ്ഞ ദിവസം തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉച്ചക്ക് 12.15ഓടെയായിരുന്നു സംഭവം. പ്ലാറ്റ്ഫോമിലിറങ്ങി വെള്ളം വാങ്ങി തിരികെ കോച്ചിലേക്കു കയറുമ്പോൾ കാൽതെന്നി പാളത്തിലേക്കു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കുടുംബാംഗങ്ങൾക്കൊപ്പം വേണാട് എക്സ്പ്രസിൽ മലപ്പുറത്തെ കുടുംബ സുഹൃത്തിന്റെ വീട്ടിലേക്കു പോകുകയായിരുന്നു ഇവർ. ട്രെയിൻ തൃശൂരിലെത്തിയപ്പോൾ അനു ബന്ധുവായ യുവാവിനൊപ്പം വെള്ളം വാങ്ങാനായി പ്ലാറ്റ്ഫോമിൽ ഇറങ്ങി. എന്നാൽ തിരിച്ചെത്തും മുമ്പേ ട്രെയിൻ എടുത്തു. ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവെ വീഴുകയായിരുന്നു. കാക്കനാട് റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരിയാണ് അനു. സഹോദരി: ലെന.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam