മാസങ്ങൾക്ക് മുമ്പും നീർ നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനെ തുടർന്ന് ആളുകൾ ആറ്റിൽ ഇറങ്ങുന്നതിന് ഭയപ്പെടുകയാണ്
എടത്വ: തലവടി ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ നിരവധി പേർക്ക് നീർ നായയുടെ ആക്രമണത്തിൽ പരിക്ക്. ഗണപതി ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെ പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ കൊത്തപള്ളിൽ പ്രമോദ്, ഭാര്യ രേഷ്മ, നെല്ലിക്കുന്നത്ത് നിർമ്മല, പതിനെട്ടിൽ സുധീഷ് എന്നിവർക്കാണ് നീർ നായയുടെ കടിയേറ്റത്.
ഇവർ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. മാസങ്ങൾക്ക് മുമ്പും നീർ നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനെ തുടർന്ന് ആളുകൾ ആറ്റിൽ ഇറങ്ങുന്നതിന് ഭയപ്പെടുകയാണ്. നീർ നായ കടിചാൽ സമീപ പ്രദേശങ്ങളിൽ എങ്ങും ചികിത്സ ലഭ്യമല്ലെന്നും പരാതിയുണ്ട്.
ഇതിനിടെ കണ്ണൂർ അമ്പായത്തോട് പറങ്കിമലയിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു. തടത്തില്‍ കുഞ്ഞിക്കണ്ണന്റെ 12 ദിവസം പ്രായമായ പശുക്കിടാവിനെയാണ് വന്യജീവി കടിച്ചു കൊന്നത്. കുഞ്ഞിക്കണ്ണനും കുടുംബവും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. കിടാവിന്റെ കാലിന്റെ ഭാഗത്താണ് കടിയേറ്റത്. ഈ ഭാഗം ഭക്ഷിച്ച നിലയിലുമാണ്. കൊട്ടിയൂർ ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി.
അതേസമയം രാജ്യത്തെ വന്യജീവികളുടെ എണ്ണത്തിൽ കാര്യമായ വർധനയെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പുള്ളിപ്പുലികളുടെ എണ്ണം 2014 ൽ 8032 ൽനിന്നും 60 ശതമാനം ഉയർന്ന് 2023 ൽ ആകെ 12852 ആയി. 2014 ൽ കടുവകളുടെ എണ്ണം 2226 ആയിരുന്നു ഇത് നിലവിൽ 2967 ആയി ഉയർന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ എണ്ണം 2600 ൽ നിന്ന് ഈ വർഷം 3000 കവിഞ്ഞു. ആനകളുടെ എണ്ണം 2007 ൽ 27694 ആയിരുന്നു. ഇത് ഉയർന്ന് 2021 ൽ 30000 ആയി. ഏഷ്യൻ സിംഹങ്ങളുടെ എണ്ണം 2010 ലെ 411 ൽ നിന്ന് 2020 ൽ 674 ആയി ഉയർന്നുവെന്നം മന്ത്രി പറഞ്ഞു.
