
ഇടുക്കി: ചെറുതോണിയിൽ മെഡിക്കൽ സ്റ്റോർ ഉടമക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. ഇടുക്കി വാഴത്തോപ്പ് സ്വദേശിയായ യുവാവാണ് കസ്റ്റഡിയിലായെതെന്നാണ് വിവരം. . ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എന്നാൽ പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ആക്രമണത്തിന് ഇടയായ സാഹചര്യവും പൊലീസ് അന്വേഷിച്ചു വരുകയാണ്. കസ്റ്റഡിയിലുള്ള പ്രതിയെ ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്ത് വരികയാണ്. നീല നിറത്തിലുള്ള പൾസർ ബൈക്കിൽ എത്തിയവരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ചെറുതോണി സ്വദേശി ലൈജുവിനായിരുന്നു കഴിഞ്ഞ ദിവസം രാത്രി ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്. ചെറുതോണി ടൗണിലെ മരിയ മെഡിക്കൽ ഷോപ്പുടമ ലൈജുവിൻറെ ദേഹത്തേക്ക് ബൈക്കിലെത്തിയ രണ്ടു പേർ ആസിഡ് ഒഴിക്കുകയായിരുന്നു. വീട്ടിലേക്ക് തിരിയുന്ന ഇടവഴിയിൽ വച്ച് ബൈക്കിലെത്തിയവർ കാർ തടഞ്ഞു നിർത്തി. തുടർന്ന് രാവിലെ എപ്പോൾ കടതുറക്കും എന്ന് ചോദിച്ചു. എട്ടു മണിക്ക് തുറക്കുമെന്ന് മറുപടി പറഞ്ഞു.
എന്നാൽ ഇനി മെഡിക്കൽ ഷോപ്പ് തുറക്കേണ്ട എന്നു പറഞ്ഞ് ബൈക്കിനു പുറകിലിരുന്നയാൾ കയ്യിൽ കരുതിയിരുന്ന കന്നാസിൽ നിന്നും ആസിഡ് ഒഴിച്ചുവെന്നാണ് ലൈജു പറഞ്ഞത്. മുഖത്തും ദേഹത്തും ആസിഡ് വീണ് പൊള്ളലേറ്റ ലൈജു കേലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവ സ്ഥലത്തിനടുത്തള്ള വീടിനു മുൻപിൽ കാർ നിർത്തിയ ലൈജുവിനെ വീട്ടിലുള്ളവരാണ് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.
Read more: 'ബിജെപിയും കോൺഗ്രസിലെ ചിലരും ചേർന്ന് മാസ്റ്റർ പ്ലാൻ തയ്യാറാക്കി, ലക്ഷ്യം എൽഡിഎഫ് സർക്കാർ അട്ടിമറി'
കഴിഞ്ഞ ദിവസമാണ് പുതിയ കാർ ലൈജു വാങ്ങിയത്. പ്രതികൾ ലൈജുവിനെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. മെഡിക്കൽ സ്റ്റോറിന് എതിർ ഭാഗത്തെ റോഡിൽ ഇവർ ഒരു മണിക്കൂറിലധികം കാത്തു നിന്നതിൻറെയും വാഹനത്തെ പിൻതുടരുന്നതിൻറെയും ദൃശ്യങ്ങളും കിട്ടി. ഇടുക്കി ഡിവൈഎസ് പിയുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. അവിവാഹിതനാണ് ലൈജു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam