
മാവേലിക്കര: പ്രായമായ സ്ത്രീകളെ കബളിപ്പിച്ച് സ്വർണ്ണം തട്ടിയെടുത്ത മോഷ്ടാവിനെ പൊലീസ് അറസ്റ്റു ചെയ്തു. മാവേലിക്കര എണ്ണയ്ക്കാട് കുറ്റിയിൽ രവികുമാർ നായർ (49) നെയാണ് മാവേലിക്കര പൊലീസ് അറസ്റ്റു ചെയ്തത്. സെപ്റ്റംബർ ഒന്നാം തീയതി രാവിലെ വഴുവാടി വായനശാല ജംഗ്ഷന് സമീപം സ്കൂട്ടറിലെത്തിയ ആൾ ഒരു മധ്യവയസ്കയെ തള്ളിയിട്ട ശേഷം രണ്ടര പവൻ തൂക്കം വരുന്ന മാല പിടിച്ചുപറിച്ചെടുത്ത സംഭവത്തിൽ മാവേലിക്കര പോലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു.
ഈ കേസിൽ ആലപ്പുഴ എസ്.പി കെ.എം.ടോമി ഐ പി എ സി ന്റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി അനീഷ് വി കോരയുടെ ചുമതലയിൽ മാവേലിക്കര സിഐ പി ശ്രീകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു. സ്ഥലത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ചും നിരവധി ഫോൺ കോളുകൾ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിൽ പൂനെയിൽ താമസമാക്കിയ രവികുമാർ നായർ നാട്ടിലെത്തി വൃദ്ധ സ്ത്രീകളെ ലക്ഷ്യം വച്ചുള്ള സ്വർണ്ണം തട്ടിപ്പ് നടത്തിപ്പോരുകയായിരുന്നുവെന്ന് സിഐ പി ശ്രീകുമാർ പറഞ്ഞു.
യഥാർത്ഥ സ്വർണ്ണത്തെക്കാൾ പൊലിമ കൂടിയ ഇമിറ്റേഷൻ മാലകളുമായി ക്ഷേത്ര പരിസരങ്ങളിൽ കറങ്ങി നടന്നു ഒറ്റയ്ക്കെത്തുന്ന വൃദ്ധ സ്ത്രീകളുമായി പരിചയം സ്ഥാപിച്ച് കൈയ്യിലുള്ള മാല വാങ്ങി പകരം വലിയ തൂക്കം വരുന്ന ഇമിറ്റേഷൻ മാല അവർക്ക് നൽകുകയും ചെയ്തിരുന്നു. അമേരിക്കയിലാണ് തനിക്ക് ജോലിയെന്നും ക്ഷേത്രത്തിൽ നേർച്ച നടത്തുവാൻ പ്രതി ധരിച്ചിരുന്ന 10 പവന്റെ ഇമിറ്റേഷൻ മാല സ്ത്രീകൾക്ക് നൽകി വിശ്വാസം പിടിച്ചുപറ്റിയതിന് ശേഷം തങ്ങളുടെ കഴുത്തിലണിഞ്ഞ സ്വർണ്ണമാലകൾ വാങ്ങിയെടുക്കുകയായിരുന്നു.
എന്നാൽ ദിവസങ്ങൾക്ക് ശേഷമാണ് തങ്ങൾക്ക് കിട്ടിയ മാല മുക്കുപണ്ടമാണെന്ന് മനസ്സിലാക്കുന്നത്. ഇയാളുടെ അറസ്റ്റ് വിവരമറിഞ്ഞ് കണ്ടിയൂർ, ചെറുകോൽ, ചെന്നിത്തല, മാന്നാർ പ്രദേശങ്ങളിൽ നിന്നും സ്വർണ്ണം നഷ്ടപ്പെട്ടവർ പരാതികളുമായി മാവേലിക്കര പോലീസ് സ്റ്റേഷനിൽ എത്തി. പ്രതി തട്ടിയെടുത്ത സ്വർണ്ണാഭരണങ്ങൾ ചെങ്ങന്നൂരിലെ സ്വർണ്ണക്കടയിൽ വിറ്റതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam