യുവതിയെ കാറിൽ കയറ്റി, ബലം പ്രയോഗിച്ച് കഞ്ചാവ് വലിപ്പിച്ച് വീഡിയോ പകർത്തി; പ്രതി ആടിനെ മോഷ്ടിച്ച കേസിൽ പിടിയിൽ

Published : Jul 24, 2024, 11:21 AM ISTUpdated : Jul 24, 2024, 11:26 AM IST
യുവതിയെ കാറിൽ കയറ്റി, ബലം പ്രയോഗിച്ച് കഞ്ചാവ് വലിപ്പിച്ച് വീഡിയോ പകർത്തി; പ്രതി ആടിനെ മോഷ്ടിച്ച കേസിൽ പിടിയിൽ

Synopsis

പിൻസീറ്റിലിരുന്ന പ്രവീൺ വെള്ളക്കടലാസിൽ പൊതിഞ്ഞ കഞ്ചാവെടുത്ത് യുവതിക്കുനേരെ നീട്ടി വലിക്കാൻ ആവശ്യപ്പെട്ടു. നിരസിച്ചപ്പോൾ യുവതിയുടെ ശരീരത്തിൽ കയറിപ്പിടിച്ച് അപമാനിച്ചു.

പത്തനംതിട്ട: യുവതിയെ  കാറിൽ കയറ്റിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് കഞ്ചാവ് വലിപ്പിക്കുകയും, ശാരീരികമായി അപമാനിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ.  ബലാത്സംഗം, മോഷണം,  പോക്സോ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കല്ലുപ്പാറ കടമാൻകുളം ചാമക്കുന്ന് കോളനിയിൽ പ്രവീൺ എന്ന് വിളിക്കുന്ന ബസലേൽ സി മാത്യു(37), തിരുവല്ല യമുനാ നഗർ ദർശന ഭവനം വീട്ടിൽ സ്റ്റോയി വർഗീസ്(30) എന്നിവരെയാണ് കീഴ്വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ മൂന്നിന് വൈകിട്ട് നാലേകാൽ മണിയോടെ കടമാങ്കുളം ഗവൺമെന്റ് ഹെൽത്ത് സെന്ററിന് സമീപം റോഡിൽ നിന്നാണ് യുവതിയെ ഒന്നാം പ്രതിയായ പ്രവീൺ ബലം പ്രയോഗിച്ചു കാറിൽ പിടിച്ചു കയറ്റി കൊണ്ടുപോയത്. 

കവിയൂർ ഞാലിക്കണ്ടം പെരുന്തുരുത്തി ഭാഗത്തിലേക്കാണ് കാറോടിച്ചു പോയത്. പിൻസീറ്റിലിരുന്ന പ്രവീൺ വെള്ളക്കടലാസിൽ പൊതിഞ്ഞ കഞ്ചാവെടുത്ത് യുവതിക്കുനേരെ നീട്ടി വലിക്കാൻ ആവശ്യപ്പെട്ടു. നിരസിച്ചപ്പോൾ യുവതിയുടെ ശരീരത്തിൽ കയറിപ്പിടിച്ച് അപമാനിച്ചു. രണ്ടാം പ്രതി സ്റ്റോയി വർഗീസ് കയ്യിലിരുന്ന കത്തികാട്ടി യുവതിയെ ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിക്കുകയായിരുന്നു.  ഇയാൾ യുവതി കഞ്ചാവ് വലിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. പ്രവീണനൊപ്പം യാത്ര പോയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് വൈകിട്ട് ആറരയോടെ കല്ലൂപ്പാറ പ്രതിഭ ജംഗ്ഷനിൽ യുവതിയെ ഇറക്കിവിടുകയായിരുന്നു. പിറ്റേന്ന് വൈകിട്ടും  പ്രതികൾ കാറിലെത്തി കല്ലൂപ്പാറയിൽ വച്ച് യുവതിയെ അസഭ്യം വിളിക്കുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തെ തുടർന്ന്  ഈ മാസം ഏഴിന് കീഴ്‌വായ്‌പ്പൂർ പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകുകയായിരുന്നു. തുടർന്ന് യുവതിയുടെ മൊഴി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, പ്രതികൾ സഞ്ചരിച്ച കാറിനെപ്പറ്റി അന്വേഷിച്ചെങ്കിലും കാര്യമായ വിവരങ്ങൾ ഒന്നും  കിട്ടിയിരുന്നില്ല. 

ഇതിനിടെയാണ് അടൂർ പൊലീസ് രജിസ്റ്റർ ചെയ്ത, ആടുകളെ മോഷ്ടിച്ചുകടത്തിയ കേസിൽ  പിടികൂടിയ പ്രതി യുവതി നൽകിയ പരാതിയിൽ  രണ്ടാം പ്രതിയാണെന്ന വിവരം ലഭിച്ചത്.  റിമാൻഡിൽ കഴിഞ്ഞുവരുന്ന ഇയാളുടെ  അറസ്റ്റിനായി കീഴ്വായ്പൂർ പൊലീസ്, അടൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. , തുടർന്ന് പ്രതിയെ ഫോർമൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസിൽ മൂന്നാം പ്രതിക്കായുള്ള അന്വേഷണം ഊർജ്ജമാക്കിയിട്ടുണ്ട്. 

2007 മുതൽ കീഴ്വായ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത ആറ് കേസുകളിലും, തിരുവല്ല പൊലീസ് സ്റ്റേഷനിൽ എടുത്ത നാല് കേസുകളിലും, വെച്ചൂച്ചിറ, കോയിപ്രം, ചിങ്ങവനം നൂറനാട് എന്നീ സ്റ്റേഷനുകളിലെ ഓരോന്ന് വീതം കേസുകളിലും പ്രതിയാണ് ബസലേൽ സി മാത്യു. കൂടാതെ മല്ലപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിലും ഉൾപ്പെട്ടിട്ടുണ്ട്. കീഴ്വായ്പൂർ പൊലീസ് സ്റ്റേഷനിലേത് കവർച്ചയ്ക്കും മോഷണത്തിനും പോക്സോ നിയമപ്രകാരമുള്ളതും, ബലാൽസംഗത്തിനും, മയക്കുമരുന്ന് കുട്ടികൾക്ക് വിൽക്കാൻ കൈവശം വെച്ചതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും എടുത്ത കേസുകളാണ്. 

കഞ്ചാവ് കടത്തൽ ദേഹോപദ്രവം ഏൽപ്പിക്കൽ ലഹളയുണ്ടാക്കൽ സർക്കാർ ഉദ്യോഗസ്ഥരെ പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് എടുത്തതാണ് തിരുവല്ലയിലെ  കേസുകൾ. സമാന സ്വഭാവം ഉള്ളതാണ് ബാക്കിയുള്ള കേസുകളും. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  തിരുവല്ല ഡി വൈ എസ് പി എസ് അഷാദിന്റെ മേൽനോട്ടത്തിൽ, കീഴ്‌വായ്‌പ്പൂർ പൊലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. എസ് ഐമാരായ സതീഷ് ശേഖർ, പി പി മനോജ്‌ കുമാർ തുടങ്ങിയവരടങ്ങിയ പ്രത്യേകസംഘമാണ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തത്.

Read More :  'ഓസ്ട്രേലിയയിലും കാനഡയിലും ജോലി, സർട്ടിഫിക്കറ്റില്ലെങ്കിലും ഉറപ്പ്'; വിശ്വസിച്ചവർക്ക് പോയത് ലക്ഷങ്ങൾ, പരാതി

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു