സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ഹെൽമറ്റിന് തലക്കടിച്ചു, കെഎസ്ആർടിസി ഡ്രൈവറുടെ നെറ്റിയിൽ അഞ്ച് തുന്നൽ, അറസ്റ്റ്

By Web TeamFirst Published Sep 26, 2022, 1:18 AM IST
Highlights

ബൈക്കിന് പോകാൻ വഴി കൊടുത്തില്ലെന്ന് ആരോപിച്ച് കെ എസ് ആർ ടി സി ബസ് തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ പ്രതിയെ അർത്തുങ്കൽ പൊലീസ് അറസ്റ്റ് ചെയ്തു

ചേർത്തല: ബൈക്കിന് പോകാൻ വഴി കൊടുത്തില്ലെന്ന് ആരോപിച്ച് കെ എസ് ആർ ടി സി ബസ് തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ പ്രതിയെ അർത്തുങ്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല തെക്ക് പഞ്ചായത്ത് 8 -ാം വാർഡിൽ കുറുപ്പൻകുളങ്ങര വെളിയിൽ വീട്ടിൽ ഉണ്ണിക്കുട്ടൻ (28) നാണ് അറസ്റ്റിലായത്. കട്ടപ്പന ഡിപ്പോയിലെ ബസ് ഡ്രൈവറായ ഇടുക്കി വാഴത്തോപ്പ് പഞ്ചായത്ത് 4-ാ വാർഡിൽ ചീനിക്കൽ വീട്ടിൽ  ഇബ്രാഹിമിനാണ് (48) നാണ് ശനിയാഴ്ച രാത്രി പരിക്കേറ്റത്.

ഇടുക്കി കട്ടപ്പനയിൽ നിന്ന് ചേർത്തല വഴി അർത്തുങ്കൽ പള്ളിയിലേയ്ക്ക് സർവ്വീസ് നടത്തുന്ന കട്ടപ്പന ഡിപ്പോയിലെ   കെ എസ് ആർ ടി സി ബസ് ചേർത്തല കറുപ്പൻകുളങ്ങര കവലയ്ക്ക് തെക്കുവശം എത്തിയപ്പോഴാണ് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഹെൽമറ്റ് ഉപയോഗിച്ച് ഡ്രൈവർക്കെതിരെ ആക്രമണം നടത്തിയത്. തലയ്ക്ക് പരിക്കേറ്റ് നെറ്റിയിൽ 5 തുന്നലുമായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ് ഇബ്രാഹിം. പ്രതിയെ കോടതിയിലെത്തിച്ച് റിമാൻഡ് ചെയ്തു.

Read more:  പുലർച്ചെയോടെ ഫാമിൽ ചത്ത നിലയിൽ കണ്ടെത്തിയത് രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങളെ, കാരണം കീരിയെന്ന് വിശദീകരണം

അതേസമയം,  വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം മയക്കുമരുന്ന് വിതരണക്കാരായ മൂന്നുപേർ ബാലുശ്ശേരിയിൽ പിടിയിലായി. നിരവധി കേസുകളിൽ ഉൾപ്പെട്ട നന്മണ്ട താനോത്ത് സ്വദേശി അനന്തു, കണ്ണങ്കര പുല്ലു, മലയിൽ സ്വദേശി ജാഫർ, അമ്പായത്തോട് പുല്ലുമലയിൽ സ്വദേശി മിർഷാദ് എന്നിവരാണ് ഇന്ന് പിടിയിലായത്. ഇവർ മുമ്പ്  ഇത്തരം കേസുകൾക്ക് ജയിലിലായി അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയവരാണ്.

ജില്ലയിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരും പ്രധാന വിതരണക്കാരുമായ ഇവരെ വലയിലാക്കാൻ കഴിഞ്ഞത് മയക്കുമരുന്ന് വേട്ടയിൽ മറ്റൊരു പൊൻതൂവലാണെന്ന് പൊലീസ് പറഞ്ഞു. ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽപ്പെട്ട എസ്റ്റേറ്റ് മുക്കിൽ വെച്ച് ബാലുശ്ശേരി പൊലീസ് ഇൻസ്പെക്ടർ എം കെ സുരേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം എസ് ഐ റഫീഖ്,  ഡ്രൈവർ ബൈജു, സിപിഒമാരായ അശ്വിൻ അരുൺരാജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

click me!