
ചേർത്തല: 22 വർഷത്തിനുശേഷം ആസിഡ് ആക്രമണ കേസിലെ പ്രതി പിടിയിൽ. കൊലക്കേസ് പ്രതിയുടെ കണ്ണിൽ ആസിഡ് ഒഴിച്ച് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തി കേസിലെ പ്രതി കോട്ടയം കടനാട് പഞ്ചായത്ത് രണ്ടാം വാർഡിൽ കാവതിയാൻ കുന്നേൽ വീട്ടിൽ സുനിൽ (41)നെയാണ് ചേർത്തല പൊലീസ് സൈബർ സാങ്കേതിക മികവിലൂടെ അറസ്റ്റ് ചെയ്തത്. കൊലക്കേസ് പ്രതിയായിരുന്ന കോട്ടയം പാല കുളക്കാട് സ്വദേശിയും ചേർത്തല മുനിസിപ്പൽ 4ാം വാർഡ് നടുവിലേമുറിയിലെ താമസക്കാരനുമായ പ്രസാദ് (ഉണ്ണി-57) യെയാണ് ആസിഡ് ഒഴിച്ച് കാഴ്ച നഷ്ടപ്പെടുത്തിയത്. 2000 ഒക്ടോബറിൽ വാരനാട് ക്ഷേത്രത്തിന് സമീപത്തായിരുന്നു ആസിഡ് ആക്രമണം.
വൈക്കം സ്വദേശിയെ തണ്ണീർമുക്കം ബണ്ടിൽ വെച്ച് ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രസാദ്. ചേർത്തല ഇൻസ്‌പെക്ടർ ബി വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സബ് ഇൻസ്‌പെക്ടർ ആർ വിനോദിന്‍റെ നേതൃത്വത്തിൽ എസ് ഐ വി.ജെ ആന്‍റണി, സി പി ഒ മാരായ സെയ്ഫുദ്ദീൻ, ബിനുമോൻ, സിനോ എന്നിവർ ചേർന്ന് എറണാകുളം രാമമംഗലത്ത് വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി ജാമ്യത്തിൽ ഇറങ്ങി കഴിഞ്ഞ 22 വർഷമായി പലസ്ഥലങ്ങളിലും ഒളിവിൽ താമസിച്ചു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
അതേസമയം ദില്ലിയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായ സംഭവത്തിൽ ദില്ലി വനിതാ കമ്മീഷൻ ഇടപെട്ടു എന്നതാണ്. ഓൺലൈൻ വ്യാപാര സൈറ്റുകളോട് ഇക്കാര്യത്തിൽ ദില്ലി വനിതാ കമ്മീഷൻ വിശദീകരണം തേടി. ആമസോണിനും ഫ്ലിപ് കാർട്ടിനുമാണ് ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ കത്തെഴുതിയത്. പ്രതികൾ ആസിഡ് വാങ്ങിയത് ഓൺലൈനിലൂടെയാണ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ കമ്മീഷൻ നടപടി തുടങ്ങിയത്. ആസിഡ് ഓൺലൈനിലൂടെ വിൽക്കുന്നത് കുറ്റകരമാണെന്നിരിക്കെ എങ്ങനെ പ്രതികൾക്ക് ആസിഡ് ലഭിച്ചു എന്നതിലാണ് സൈറ്റുകളുടെ സി ഇ ഒമാരോട് ദില്ലി വനിതാ കമ്മീഷൻ ചോദിച്ചിട്ടുള്ളത്. ഇക്കാര്യത്തിലെ മറുപടി നോക്കിയ ശേഷമാകും തുടർ നടപടി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam