
ബെംഗളുരു: ഗൾഫിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടികൂടിയ കഞ്ചാവ് കേസിലെ (Cannabis Case) പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് തിരുവനന്തപുരം (Thiruvananthapuram) സ്വദേശി എം കെ ബാബു രക്ഷപ്പെട്ടത്. കർണാടക പൊലീസിന്റെ സഹായത്തോടെ എക്സൈസ് സംഘം തിരച്ചിൽ ആരംഭിച്ചു.
ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് പ്രതിയെ പിടികൂടിയതും പിന്നാലെ ഇയാൾ കടന്നുകളഞ്ഞതും. കഴിഞ്ഞ നാല് വർഷമായി എക്സൈസ് സംഘം ഇയാളെ തിരയുകയായിരുന്നു. കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കൾ മൊത്തക്കച്ചവടം നടത്തുന്നതിൽ പ്രതിയാണ് ബാബു. ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ലഹരിവസ്തുക്കൾ മൊത്തമായി ഇറക്കി ചെറുകിട കച്ചവടക്കാർക്ക് വിൽക്കുകയാണ് ഇയാൾ.
കഴിഞ്ഞ വർഷം പാലക്കാട യാക്കരയ്ക്ക് സമീപത്തുനിന്ന് 147 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. എക്സൈസ് ഹെഡ്ക്വാർട്ടേഴ്സ് എൻഫോഴ്സ്മെന്റ് ടീമാണ് കഞ്ചാവ് പിടികൂടിയത്. യാക്കരയിൽ നിന്ന് പിടികൂടിയ അഞ്ചംഗ സംഘത്തിൽ നിന്നാണ് ബാബുവിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
തുടർന്ന് ഇയാളുടെ ശംഖുമുഖത്തെ വീട്ടിൽ തിരച്ചിൽ നടത്തിയപ്പോഴാണ് ബഹ്റൈനിലേക്ക് കടക്കാനുള്ള ശ്രമത്തിലാണെന്ന വിവരം ലഭിച്ചത്. ഉടനെ വിമാനത്താവളങ്ങളിലേക്ക് വിവരം നൽകി. ബെംഗളുരു വിമാനത്താവളത്തിലെത്തിയ ബാബുവിനെ എമിഗ്രേഷൻ സംഘം തിരിച്ചറിഞ്ഞു. ഇയാളെ പിടികൂടി പൊലീസിന് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് രക്ഷപ്പെട്ടത്. ഇയാളുടെ പാസ്പോർട്ട്, ബാങ്ക്, പാസ്ബുക്ക്, വസ്ത്രങ്ങൾ എന്നിവ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam