പതിനൊന്ന് വര്‍ഷമായി മുങ്ങി നടന്ന കൊലപാതക്കേസ് പ്രതി ആറ്റിങ്ങലില്‍ പിടിയില്‍

By Web TeamFirst Published Jul 29, 2020, 9:25 AM IST
Highlights

മംഗലപുരം, വര്‍ക്കല, കല്ലമ്പലം, ചിറയിന്‍കീഴ്, കഴക്കൂട്ടം, കൊട്ടാരക്കര പൊലീസ് സ്‌റ്റേഷന്‍ പരിധികളിലെ നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായവര്‍.
 

തിരുവനന്തപുരം: പതിനൊന്ന് വര്‍ഷമായി പൊലീസിന്റെ പിടിയിലാവാതെ നടന്ന കൊലപാതകം , പിടിച്ചുപറി, വധശ്രമം അടക്കം നിരവധി കൂലിതല്ല് കേസുകളിലെ പ്രതി അറസ്റ്റില്‍. ഷാനു എന്നും സിആര്‍പി ഷാന്‍ എന്നും  വിളിക്കുന്ന ഷാനവാസും (വയസ്സ് 34) കൂട്ടുപ്രതിയും മോഷണം അടക്കം നിരവധി കേസുകളിലെ പ്രതിയുമായ ഫിറോസ് ഖാനുമാണ് (വയസ്സ് 32) ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ് വൈ സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 

കര്‍ണ്ണാടക സ്വദേശിനിയായ ശാരദയെ വര്‍ക്കല കുരയ്ക്കണ്ണിയിലെ വാടക വീട്ടില്‍ അതിക്രമിച്ച് കടന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, വര്‍ക്കല, കുരയ്ക്കണ്ണി, കുറ്റിയാര്‍ന്ന വിളവീട്ടില്‍  ആമിന എന്ന സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന് അവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ അപഹരിച്ച് വധിക്കാന്‍ ശ്രമിച്ച കേസ്,  കല്ലമ്പലത്ത് വെച്ച് കഴിഞ്ഞ വര്‍ഷം ചാത്തമ്പറ കെ.പി ഭവനില്‍ അജിത്ത് കുമാറിന്റെ വാഹനം ആക്രമിച്ച് ഇയാളെ വധിക്കാന്‍ ശ്രമിച്ച കേസ്സ്, പള്ളിപ്പുറം ,പുതുവല്‍ പുത്തന്‍വീട്ടില്‍ , റഹ്മത്തിന്റെയും  മഷൂദിന്റെയും വീടും വാഹനവും തകര്‍ത്ത കേസിലേയും മുഖ്യ പ്രതികളായ ഇവരെ പിടികൂടാന്‍ ഇതുവരെ  കഴിഞ്ഞിരുന്നില്ല. 

നിലവില്‍ മംഗലപുരം, വര്‍ക്കല, കല്ലമ്പലം, ചിറയിന്‍കീഴ്, കഴക്കൂട്ടം, കൊട്ടാരക്കര പൊലീസ് സ്‌റ്റേഷന്‍ പരിധികളിലെ നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായവര്‍. 2003 ല്‍ മംഗലാപുരത്ത് വെച്ച് പ്രസാദ് എന്നയാളെ  കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഷാനുവിനെ പിടികിട്ടാപ്പുള്ളിയായി പൊലീസ്  പ്രഖ്യാപിച്ചിരുന്നു. 2009ലെ കഴക്കൂട്ടം സ്റ്റേഷനിലെ കേസ്സിലും ഷാനുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. നിരവധി മോഷണം, പിടിച്ചുപറി കേസ്സുകളിലെ പ്രതിയായ ഫിറോസ് നിലവില്‍ ഷാനുവിന്റെ കൂടെ നിരവധി കേസ്സുകളിലെയും കൂട്ടുപ്രതിയാണ്.

click me!