ബൈക്കിലെത്തി സ്ത്രീകളുടെ ബാഗ് തട്ടിപ്പറിക്കല്‍ പതിവാക്കിയ മോഷ്ടാവ് പിടിയില്‍

By Web TeamFirst Published Sep 23, 2020, 10:34 PM IST
Highlights

കഴിഞ്ഞ ദിവസം കാരന്തൂര്‍ സെന്റ് അലോഷ്യസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപം ബൈക്കിലെത്തിയ പ്രതി, സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ച് കടന്ന് കളയുകയായിരുന്നു.
 

കോഴിക്കോട്: കാരന്തൂരില്‍ സ്ത്രീയുടെ ബാഗ് തട്ടി പറിച്ച് കടന്ന് കളഞ്ഞ പ്രതിയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടി. നിരവധി ബാഗ് തട്ടിപ്പറിക്കല്‍ കേസുകളില്‍ പ്രതിയായ പതിമംഗലം സ്വദേശി അബ്ദുല്‍ ജബ്ബാര്‍ (24) ആണ് പിടിയിലായത്. കൊടുവള്ളി കരീറ്റി പറമ്പില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.സി ഐ ഡൊമിനിക്കിന്റെ നിര്‍ദ്ദേശ പ്രകാരം കുന്ദമംഗലം എസ് ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്.

കഴിഞ്ഞ ദിവസം കാരന്തൂര്‍ സെന്റ് അലോഷ്യസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപം ബൈക്കിലെത്തിയ പ്രതി, സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ച് കടന്ന് കളയുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണമാണ് പൊലീസ് നടത്തിയിരുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ കുറിച്ചുള്ള കൃത്യമായ സൂചന ലഭിച്ചിരുന്നു.

രക്ഷപ്പെടാനായി ഉപയോഗിച്ച ബൈക്ക് പാറന്നൂര്‍ സ്വദേശിയുടേതാണ്. ഇത് പ്രതി നേരത്തെ മോഷ്ടിച്ചതാണ്.  കുമ്മങ്കോട്ടും, കൊടുവള്ളിയിലുമെല്ലാം ഇയാള്‍ ഇത്തരത്തില്‍ ബാഗ് തട്ടിപ്പറിച്ച് കടന്ന് കളഞ്ഞിരുന്നു. ഇയാള്‍ കൂടുതല്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് ലഭ്യമാകുന്ന വിവരം.

കഴിഞ്ഞ ദിവസം വെള്ളിപറമ്പിലുള്ള സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങുകയായിരുന്ന ഓമശ്ശേരി മാനിപുരം സ്വദേശി നൂര്‍ജഹാന്റെ ബാഗാണ് പ്രതി പിടിച്ചു പറിച്ചത്. മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡ്, പണം എന്നിവ നഷ്ടപ്പെട്ടിരുന്നു. ഇതിനുപുറമെ ഇന്ന് രാവിലെയും പ്രതി കൊടുവള്ളിയില്‍ ഒരു സ്ത്രീയുടെ പക്കല്‍ നിന്ന് മോഷണം നടത്തി കടന്ന് കളഞ്ഞിരുന്നു. കൊടുവള്ളിയില്‍ നിന്ന് പോലീസിനെ കണ്ട പ്രതി ബൈക്ക് ഉപേക്ഷിച്ച് ഓടുകയായിരുന്നു. പിന്നീട് കരീറ്റി പറമ്പില്‍ വെച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് കൊടുവള്ളി പൊലീസ് ഇയാളെ പിടികൂടിയത്.

click me!