
തിരുവനന്തപുരം വർക്കലയിൽ 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി കോടതിയിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. സബ് ജയിലിൽ നിന്നും വർക്കല കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു നാടകീയ സംഭവം. പിന്നാലെ ഓടിയ പൊലീസ്, വിചാരണ തടവുകാരനായ അജിത്തിനെ പിടികൂടി.
പത്തുവയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് അയിരൂർ പോലീസ് 2020 -ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസ് പ്രതിയാണ് അയിരൂർ സ്വദേശി അജിത്ത്. വിചാരണ തടവുകാരനായ പ്രതിയെ ആറ്റിങ്ങൽ സബ് ജയിലിൽ നിന്നും ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ വർക്കല കോടതിയിൽ എത്തിച്ചതായിരുന്നു. കോടതിക്കകത്തു നിർത്തിയിരുന്ന പ്രതി പതി വരാന്തയിലേക്ക് നടന്ന് പോലീസിനെ വെട്ടിച്ച് കോടതിക്കകത്തു നിന്നും ഇറങ്ങി ഓടി.
അജിത് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നത് കണ്ട പൊലീസ് പിന്നാലെ ഓടി. വർക്കല സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഒരു കിലോമീറ്ററോളം പിന്നാലെ ഓടി റോഡിൽ വച്ചാണ് ഇയാളെ കീഴ്പെടുത്തിയത്. കോടതിയിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചതിന് അജിത്തിനെതിരെ വർക്കല പോലീസ് പുതിയൊരു കേസ് കൂടി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയുടെ അറസ്റ്റും രേഖപ്പെടുത്തി. വൈദ്യപരിശോധനക്കുശേഷം അജിത്തിനെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read more: 'മോഹന്‍ലാല്‍ സാറിനൊപ്പം ഒരു മുഴുനീള ചിത്രം'; ആഗ്രഹം വെളിപ്പെടുത്തി നെല്‍സണ്‍
അതേസമയം, എറണാകുളം ജില്ലയിലെ കാലടിയില്‍ ദളിത് ബാലനെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പ്രതി ശ്രീമൂലനഗരം സ്വദേശി കുഞ്ഞുമോൻ എന്ന ലുജോ ആണ് പോലീസിന്‍റെ പിടിയിൽ ആയത്. പലചരക്ക് കടയില്‍ സാധനം വാങ്ങാനെത്തിയ ഒമ്പതു വയസുകാരനെ പീഡിപ്പിച്ചെന്നാണ് കേസ്.
പിന്നോക്ക സമുദായത്തിൽപ്പെട്ട 9 വയസ്സുള്ള ആൺകുട്ടിയെയാണ് പ്രതി പീഡിപ്പിച്ചതായി പരാതി ഉയർന്നത്. പ്രതിയുടെ ശ്രീമൂലനഗരത്തുള്ള പലചരക്ക് കടയിൽ വച്ച് ആഗസ്റ്റ് പത്താം തീയതിയാണ് സംഭവം നടന്നത്. വൈകിട്ട് 4 മണിയോടെയാണ് കടയിൽ ഉരുളൻകിഴങ്ങ് വാങ്ങാൻ പീഡനത്തിന് ഇരയായ കുട്ടി എത്തിയത്. കുട്ടിയുടെ അമ്മയാണ് ലൈംഗികമായി മകനെ പീഡിപ്പിച്ചുവെന്ന് പൊലീസിൽ പരാതി നൽകിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം