മാത്യു എന്ന മുംബൈ പശ്ചാത്തലമാക്കുന്ന അധോലോക നേതാവിനെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്

തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും പുതിയ സംസാര വിഷയം ജയിലര്‍‌ ആണ്. വിവിധ തലമുറകളില്‍ ആരാധകരുള്ള രജനികാന്ത് നായകനായെത്തിയ നെല്‍സണ്‍ ദിലീപ്‍കുമാര്‍ ചിത്രം പല നിലയ്ക്കും ഏറെ പ്രത്യേകതകളുള്ള ചിത്രമാണ്. മറ്റ് സിനിമാമേഖലകളിലെ ശ്രദ്ധേയ താരങ്ങളുടെ അതിഥിവേഷങ്ങളാണ് അതില്‍ പ്രധാനം. മലയാളത്തില്‍ നിന്ന് മോഹന്‍ലാലും കന്നഡത്തില്‍ നിന്ന് ശിവ രാജ്‍കുമാറും ഹിന്ദിയില്‍ നിന്ന് ജാക്കി ഷ്രോറും കാമിയോ റോളുകളില്‍ ചിത്രത്തിലുണ്ട്. സ്ക്രീന്‍ ടൈം കുറവാണെങ്കിലും ഇവരുടെ താരമൂല്യം പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് നെല്‍സണ്‍ കഥാപാത്രങ്ങളെ പ്ലേസ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ തന്‍റെ മനസിലുള്ള ഒരു ആഗ്രഹവും വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

മോഹന്‍ലാല്‍ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ചെയ്യാനുള്ള ആഗ്രഹമാണ് അത്. ജയിലര്‍ റിലീസിന് പിന്നാലെ ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് നെല്‍സണ്‍ ഇതേക്കുറിച്ച് പറയുന്നത്. റാപ്പിഡ് ഫയര്‍ ചോദ്യങ്ങളുടെ ഭാഗമായി താന്‍ പേര് പറയുന്ന ആളുകളോട് ഇപ്പോള്‍ ചോദിക്കാന്‍ തോന്നുന്നത് എന്താണെന്ന് പറയണമെന്നായിരുന്നു അഭിമുഖകാരിയുടെ ആവശ്യം. തുടര്‍ന്ന് മോഹന്‍ലാലിന്‍റെ പേരാണ് ആദ്യം പറഞ്ഞത്. അദ്ദേഹത്തോട് പറയാനുള്ളതൊക്കെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു നെല്‍സന്‍റെ ആദ്യ പ്രതികരണം. അതില്‍ ഒരു കാര്യം പറയാമോ എന്ന് ചോദിച്ചപ്പോഴുള്ള അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെ- "ഫുള്‍ ഫ്ലഡ്‍ജ്ഡ് ആയി അദ്ദേഹത്തെ വച്ച് ഒരു സിനിമ ചെയ്യണമെന്ന് ആ​ഗ്രഹം", നെല്‍സണ്‍ പറഞ്ഞു.

മാത്യു എന്ന മുംബൈ പശ്ചാത്തലമാക്കുന്ന അധോലോക നേതാവിനെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിന്‍റെ പ്രകടനത്തിനൊപ്പം കഥാപാത്രമായുള്ള അദ്ദേഹത്തിന്‍റെ വേഷവിധാനവും സ്റ്റൈലിം​ഗുമൊക്കെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മുന്‍പ് ബി​ഗ് ബോസില്‍ അദ്ദേഹത്തിന്‍റെ സ്റ്റൈലിം​ഗ് നിര്‍‌വ്വഹിച്ചിട്ടുള്ള ജിഷാദ് ഷംസുദ്ദീന്‍ ആണ് ജയിലറിലെയും മോഹന്‍ലാലിന്‍റെ വസ്ത്രങ്ങള്‍ക്ക് പിന്നില്‍. 

ALSO READ : അച്ഛന്‍ അല്ലാതെ ഏറ്റവും പ്രിയപ്പെട്ട നടന്‍? ദുല്‍ഖറിന്‍റെ മറുപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം