
ഇടുക്കി: മുതിരപ്പുഴയില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കി മൂന്നാര്‍ പഞ്ചായത്ത്. മുതിരപ്പുഴ കടന്നുപോകുന്ന ഭാഗങ്ങളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ച് പുഴ മലിനപ്പെടുത്തുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനാണ് പഞ്ചായത്ത് തീരുമാനം. ടൗണിന് സമീപത്തെ ജുമാ മസ്ജിത്ത്, ക്യഷ്ണ പമ്പ്, കെ.ഡി.എച്ച്.പി കമ്പനിയുടെ ഔട്ട് ലെറ്റ് എന്നിവിടങ്ങളിലാണ് കാമറകള്‍ സ്ഥാപിക്കുന്നത്. ഇതിനായി സന്നദ്ധ സംഘടനകളുടെ സഹായം തേടും.
കൂടാതെ പഞ്ചായത്ത് പദ്ധതികള്‍ ആവിഷ്‌കരിച്ച് പണം കണ്ടെത്തുകയും ചെയ്യും. പ്രളയത്തെ തുടര്‍ന്ന് മുതിരപ്പുഴയുടെ ഇരുകരകളിലും വന്‍തോതില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കുമിഞ്ഞതോടെ നടപടികള്‍ ശക്തമാക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. മൂന്നാറിലും മുതിരപ്പുഴയാറിലും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ടിരുന്നുവെങ്കിലും അതൊന്നും കാര്യമായ ചലനമുണ്ടാക്കിയില്ല.
പ്രളയാനന്തരം മൂന്നാറില്‍ സംഘടിപ്പിച്ച മഹാ ശുചീകരണ യജ്ഞത്തിന്‍റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണ്ണമായി ശുചികരിച്ചു. കാമറകള്‍ സ്ഥാപിക്കുന്നതോടെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് പരിഹാരം കാണാന്‍ കഴിയുമെന്നാണ് പഞ്ചായത്ത് സെക്രട്ടറി ഉണ്ണിത്താന്‍ പറയുന്നത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് തിങ്കളാഴ്ച വിവിധ സംഘടനകളുടെ സഹകരണത്തോടെ സെക്രട്ടറി കടകളില്‍ നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കി. കച്ചവട സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക്ക് കവറുകള്‍ കണ്ടെത്തിയാല്‍ 2000 രൂപയും, അത് വാങ്ങുന്നവരില്‍ നിന്നും 1000 രൂപയും പിഴ ഈടാക്കുമെന്ന് പ്രസിഡന്‍റ് ആര്‍. കറുപ്പസ്വാമി പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam