'അധോലോകത്ത്' വസ്ത്രം വാങ്ങാന്‍ തിക്കിയും തിരക്കിയും യുവാക്കള്‍! ഇതെന്ത് പരിപാടി; പൊലീസ് എത്തിയപ്പോള്‍ കണ്ടത്

By Web TeamFirst Published Sep 7, 2022, 3:43 PM IST
Highlights

വെമ്പായം ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന അധോലോകം എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിൽ തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും , വെഞ്ഞാറമൂട് പൊലീസും നടത്തിയ സംയുക്ത പരിശോധനയിൽ മാരകലഹരിവസ്തുവായ എംഡിഎംഎയും കഞ്ചാവുമാണ് പിടിച്ചെടുത്തത്.

തിരുവനന്തപുരം: ആരെയും ആകര്‍ഷിക്കുന്ന പേരുമായി തുടങ്ങിയ തുണിക്കട... വസ്ത്രം വാങ്ങാന്‍ തിരക്ക് കൂട്ടുന്ന യുവാക്കള്‍. ഒരു സംശയവുമില്ലാതെ 'അധോലോകം' ഹിറ്റായി മാറുകയായിരുന്നു. ഒടുവില്‍ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തി പരിശോധിച്ച് കഴിഞ്ഞപ്പോള്‍ നാട്ടുകാര്‍ വരെ മൂക്കത്ത് വിരല്‍ വച്ച് പോയി. വസ്ത്രം വാങ്ങുന്നതില്ല 'അധോലോക'ത്ത് യുവാക്കള്‍ തിക്കിക്കൂടിയതെന്ന് അപ്പോള്‍ മാത്രമാണ് എല്ലാവര്‍ക്കും മനസിലായത്.

വെമ്പായം ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന അധോലോകം എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിൽ തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും , വെഞ്ഞാറമൂട് പൊലീസും നടത്തിയ സംയുക്ത പരിശോധനയിൽ മാരകലഹരിവസ്തുവായ എംഡിഎംഎയും കഞ്ചാവുമാണ് പിടിച്ചെടുത്തത്.  2.10ഗ്രാം എംഡിഎംഎയും 317 ഗ്രാം കഞ്ചാവും ആണ് കണ്ടെടുത്തത്. സ്ഥാപന ഉടമയും , ക്രിമിനൽ കേസ്സ് പ്രതികളും ഉൾപ്പെടെ നാല് പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.

വസ്ത്രവ്യാപാര സ്ഥാപന ഉടമ വെമ്പായം  സ്വദേശി ബിനു (37) , വെമ്പായം കുതിരക്കുളം പുതുവൽപുത്തൻവീട്ടിൽ റിയാസ് (വയസ്സ്38) , തേമ്പാംമൂട് പാലാംകോണം പെരുമലയിൽ സുഹൈൽ (25) പിരപ്പൻകോട് മീനാറ വിള'വീട്ടിൽ ഷംനാദ് (40) എന്നിവരാണ് പിടിയിലായത്. ഇതര സംസ്ഥാനത്ത് നിന്ന് വാഹനത്തിൽ വസ്ത്ര കെട്ടുകളിൽ ഒളിപ്പിച്ചാണ് ഇവര്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്. കടയില്‍ ആരുടെയും സംശയനിഴലില്‍ പെടാതെ ഇവര്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിവരികയായിരുന്നു.

വസ്ത്ര വിൽപന ശാല ആയതിനാൽ യുവാക്കളുടെ കൂട്ടം ആരിലും ഒരു സംശയം ഉണ്ടാക്കിയിരുന്നില്ല. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിക്ക് കിട്ടിയ രഹസ്യ വിവരമാണ്  'അധോലോക'ത്തിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ആറ്റിങ്ങല്‍ ഡാന്‍സാഫ് ടീമും വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സൈജുനാഥ്, എസ്ഐ വിനീഷ് വി എസ്‌, നെടുമങ്ങാട് ഡാന്‍സാഫ് എസ് ഐ ഷിബു, സജു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പാരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവും പിടികൂടിയത്.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നിരീക്ഷണം നടത്തിയശേഷമായിരുന്നു പരിശോധന നടത്തിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി. റൂറൽ പൊലീസ്  ലഹരിമാഫിയകൾക്കെതിരെ തുടരുന്ന ശക്തമായ  നടപടികളുടെ ഭാഗമായാണ് ഇവരും പിടിയിലാകുന്നത്. കഴിഞ്ഞ മാസം വെഞ്ഞാറമൂട് ജംഗ്ഷന് സമീപം വാടക വീടെടുത്ത് ലഹരി വ്യാപാരം നടത്തി വന്നിരുന്ന വൻ സംഘത്തെ ഡാൻസാഫ് ടീമും വെഞ്ഞാറമൂട് പോലീസും ചേർന്ന് പിടികൂടിയിരുന്നു. ഇവരിൽ നിന്നും 200 കിലോയിലതികം  കഞ്ചാവും  പിടിച്ചെടുത്തിരുന്നു.

'അധോലോകത്ത്' പോലീസ് റെയ്ഡ് ! മാരകലഹരിവസ്തുവായ എം.ഡി.എം.എ യും കഞ്ചാവുമായി നാല് പേർ പിടിയില്‍

tags
click me!