
കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി ദ്വാരക പുല്‍ക്കാട് കുന്ന് വെങ്കിലോട്ട് പണിയ കോളനിയിലെ വെള്ളിയുടെ മകന്‍ സന്തോഷ് (30) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കേണിച്ചിറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തൂത്തിലേരിക്ക് സമീപം വയലിന് നടുവിലുള്ള കമുകിന്‍തോട്ടത്തിലാണ് സന്തോഷിന്റെ മൃതദേഹം ഇന്ന് രാവിലെ എഴ് മണിയോടെ നാട്ടുകാര്‍ കണ്ടെത്തിയത്. തൂത്തിലേരി പണിയ കോളനിയില്‍ ഭാര്യ സഹോദരന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം സന്തോഷിനെ ഇന്നലെ രാത്രി ഏഴ് മണിയോടെ കാണാതാകുയായിരുന്നു.
തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാവിലെ വയല്‍ പ്രദേശത്ത് തോടിനോട് ചേര്‍ന്ന ഭാഗത്ത് മരിച്ച് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. കാലില്‍ മുറിവേറ്റ നിലയിലാണ് മൃതദേഹമുള്ളത്. സുല്‍ത്താന്‍ബത്തേരി ഡി.വൈ.എസ്.പി അബ്ദുള്‍ ഷെരീഫ്, അമ്പലവയല്‍ എസ്.ഐ രാംജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം ഉച്ചക്ക് ഒന്നരയോടെ പോസ്റ്റുമാര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ ഡിസംബര്‍ 26 ന് ഭാര്യ സഹോദരന്റെ പതിനഞ്ചുകാരനായ മകൻ മരിച്ചിരുന്നുവെന്നും ഈ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സന്തോഷ് മാനന്തവാടിയിലേക്ക് തിരികെ പോയിരുന്നില്ലെന്നും പോലീസ് പറഞ്ഞു. പിന്നീടാണ് ക്യാന്‍സര്‍ രോഗബാധിതനായ അളിയനും മരണപ്പെടുന്നത്. മദ്യപാന ശീലമുള്ള സന്തോഷ് ചടങ്ങിന് ശേഷം നന്നായി മദ്യപിച്ചിരുന്നതായാണ് പോലീസിന് സമീപവാസികളില്‍ നിന്നും ലഭിച്ച വിവരം. ഇദ്ദേഹത്തിന്റെ കാലില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഇക്കാര്യങ്ങളെല്ലാം വിശദമായി അന്വേഷിക്കുകയാണ് പോലീസ്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമെ മരണം കാരണത്തില്‍ വ്യക്തത വരുത്താനാകൂ എന്നും പോലീസ് അറിയിച്ചു.
സിന്തറ്റിക് മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ പിടിയില്‍