Asianet News MalayalamAsianet News Malayalam

സിന്തറ്റിക് മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ മൂന്ന്‌ പേര്‍ പിടിയില്‍

സൗഹൃദം നടിച്ച് ഇവരുടെ വീട്ടില്‍ എത്തിയ മുഹ്‌സിന്‍ വീട്ടമ്മയ്ക്ക് പല തവണകളായി അതിമാരകമായ സിന്തറ്റിക് ലഹരി നല്‍കി ഇവരെ ലഹരിക്ക് അടിമയാക്കി

Three people arrested in the case of gang raping a housewife with synthetic drugs
Author
First Published Jan 7, 2023, 11:58 AM IST


മലപ്പുറം: സിന്തറ്റിക് മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ പൊലീസിന്‍റെ പിടിയില്‍. മഞ്ചേരി മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. സംഘത്തില്‍ നാല് പേരുണ്ടെന്നും ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും പൊലീസ് പറഞ്ഞു.

ഒന്നാം പ്രതിയായ മുഹ്‌സിന്‍ നവ മാധ്യമങ്ങളിലൂടെയാണ് വീട്ടമ്മയെ പരിചയപ്പെട്ടത്. തുടര്‍ന്ന് സൗഹൃദം സ്ഥാപിച്ച ഇയാള്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ സ്വന്തമാക്കി. സൗഹൃദം നടിച്ച് ഇവരുടെ വീട്ടില്‍ എത്തിയ മുഹ്‌സിന്‍ വീട്ടമ്മയ്ക്ക് പല തവണകളായി അതിമാരകമായ സിന്തറ്റിക് ലഹരി നല്‍കി ഇവരെ ലഹരിക്ക് അടിമയാക്കി. തുടര്‍ന്ന് സുഹൃത്തുക്കളുമൊത്ത് ഇവരുടെ വീട്ടിലെത്തിയ ഇയാള്‍ ലഹരി മരുന്ന് നല്‍കിയ ശേഷം സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്.

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വധശ്രമം, ലഹരിക്കടത്ത് തുടങ്ങിയ കേസുകളില്‍ പ്രതിയായ മുഹ്‌സിന്‍ മഞ്ചേരി സ്റ്റേഷനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ്. പ്രധാന പ്രതി മഞ്ചേരി മുള്ളമ്പാറ സ്വദേശി പറക്കാടന്‍ റിഷാദിനെ പിടികൂടുന്നതിനായി പൊലീസ് ഇയാളുടെ വീട് വളയുന്നതിനിടയില്‍ റിഷാദ് വീടിന്‍റെ ഓട് പൊളിച്ച് രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി. പ്രത്യേക അന്വേഷണ സംഘത്തില്‍പ്പെട്ട ഐ കെ ദിനേശ്, പി സലീം, ആര്‍ ഷഹേഷ്, കെ കെ ജസീര്‍, കെ സിറാജുദ്ദീന്‍ എന്നിവരും മലപ്പുറം എസ് ഐ നിതിന്‍ദാസ്, മഞ്ചേരി എസ് ഐമാരായ ഗ്രീഷ്മ, ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ മഞ്ചേരി പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

കൂടുതല്‍ വായനയ്ക്ക്: പ്രണയത്തില്‍ നിന്ന് പിന്മാറിയതിന് യുവതിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍ 

 

Follow Us:
Download App:
  • android
  • ios