വടിവാള്‍ വീശി, ചില്ല് തകര്‍ത്തു, നായയെ അഴിച്ചുവിട്ടു, മണിക്കൂറുകള്‍ നീണ്ട പരാക്രമം; ഒടുവില്‍ പ്രതി പിടിയില്‍

By Web TeamFirst Published Jan 7, 2023, 2:56 PM IST
Highlights

കൈവിലങ്ങണിയിച്ചാണ് വീട്ടില്‍ നിന്ന് സജീവനെ പുറത്തിറക്കിയത്. പലതവണ സജീവനെ പിടികൂടാനായി പൊലീസ് വീടിനകത്തേക്ക് കയറിയെങ്കിലും വടിവാള്‍ വീശിയോടതെ പൊലീസിന് തിരിച്ചിറങ്ങേണ്ടി വന്നു.

കൊല്ലം: ചിതറയിൽ വടിവാളും നായയുമായി പൊലീസിനെ വെല്ലുവിളിച്ചു നിന്ന പ്രതി അറസ്റ്റിൽ. മാങ്കോട് സ്വദേശി സജീവനെയാണ് മൽപ്പിടുത്തത്തിനൊടുവിൽ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടിയത്. മൂന്ന് ദിവസമായി പ്രതിയെ പിടികൂടാതിരുന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് എന്ത് വിലകൊടുത്തും സജീവിനെ അറസ്റ്റ് ചെയ്യാൻ ചിതറ പൊലീസ് തീരുമാനിച്ചത്. ഫയർഫോഴ്സും നായ്കളെ പരിശീലിപ്പിക്കുന്ന സംഘവുമായി രാവിലെ പത്തരയോടെ പൊലീസെത്തി. വീടിന്  പുറത്ത് അഴിച്ചു വിട്ടിരുന്ന നായയെ ആദ്യം കെട്ടിയിട്ടു. പിന്നാലെ ഗേറ്റിന്‍റെ പൂട്ട് പൊളിച്ച സംഘം അകത്തേക്ക് കയറി. ആദ്യം അനുനയിപ്പിച്ച് പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും.
സജീവ് വഴങ്ങാതായതോടെ അടുക്കള ഭാഗത്തെ കതക് കുത്തിതുറന്ന് ഒരു സംഘം അകത്ത് കയറി. എന്നാൽ വടിവാൾ വീശി സജീവൻ ഇവരെ ഓടിച്ചു.

പിന്നാലെ ആത്മഹത്യ ചെയ്യുമെന്നായി ഭീഷണി. അനുനയിപ്പിക്കാൻ ശ്രമിച്ചവർക്ക് നേരെയെല്ലാം പ്രതി ജനൽ ചില്ലുകൾ വലിച്ചെറിഞ്ഞു. ഇതിൽ മൂന്ന് പേർക്ക് പരിക്കേറ്റു. തർക്കത്തിനിടയിൽ ഒന്നു പിന്തിരിഞ്ഞ പ്രതിയുടെ നേർക്ക് എലിഫന്‍റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥനായ റിജു ചാടി വീണതോടെ പ്രതിയെ കീഴടക്കാനായി. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വ്യാഴാഴ്ചയാണ് കിഴക്കുംഭാഗം സ്വദേശി സുപ്രഭയുടെ വീട്ടിൽ വടിവാളും നായയുമായി പ്രതിയെത്തി അക്രമം കാണിച്ചത്. പിന്നാലെ പൊലീസിനെ കബളിപ്പിച്ചു കടന്ന പ്രതി ഗേറ്റ് പൂട്ടി നായ്ക്കളെ അഴിച്ചു വിടുകയായിരുന്നു. 

click me!