ബിജെപിയോട് കൊമ്പ് കോര്‍ത്ത് പ്രതിപക്ഷം; പാലക്കാട് നഗരസഭയിൽ ഭരണസ്തംഭനം

By Web TeamFirst Published Dec 12, 2018, 8:28 PM IST
Highlights

കഴിഞ്ഞ അഞ്ച് മാസമായി പാലക്കാട് നഗരസഭാ യോഗങ്ങൾ വെറും പ്രഹസനമാണെന്ന് ചില കൗണ്‍സിലര്‍മാര്‍ പോലും വ്യക്തമാക്കുന്നു. യോഗം തുടങ്ങി മിനിറ്റുകൾക്കകം അംഗങ്ങൾ തമ്മിൽ വാക്കേറ്റവും കൈയ്യാങ്കളിയും പതിവാണ്

പാലക്കാട്: സംസ്ഥാനത്ത് ബിജെപി ഭരണത്തിലുള്ള ഏക നഗരസഭയായ പാലക്കാട്  ഭരണസ്തംഭനം തുടരുന്നു. വിട്ടുവീഴ്ച്ചക്ക് തയാറാകാതെ കൗൺസിൽ യോഗങ്ങളിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ തല്ലുമ്പോള്‍ പാലക്കാടിന് നഷ്ടമാകുന്നത് കേന്ദ്ര പദ്ധതികളടക്കം കോടികളാണ്.

കഴിഞ്ഞ അഞ്ച് മാസമായി പാലക്കാട് നഗരസഭാ യോഗങ്ങൾ വെറും പ്രഹസനമാണെന്ന് ചില കൗണ്‍സിലര്‍മാര്‍ പോലും വ്യക്തമാക്കുന്നു. യോഗം തുടങ്ങി മിനിറ്റുകൾക്കകം അംഗങ്ങൾ തമ്മിൽ വാക്കേറ്റവും കൈയ്യാങ്കളിയും പതിവാണ്. അജണ്ട വായിക്കാന്‍ പോലും കോൺഗ്രസും സിപിഎമ്മും അടങ്ങുന്ന പ്രതിപക്ഷം അനുവദിക്കാറില്ലെന്നാണ് ബിജെപിയുടെ ആരോപണം.

ഇതേത്തുടര്‍ന്ന് പാലക്കാടിന്‍റെ വികസനം പ്രതിപക്ഷം തടസപ്പെടുത്തുകയാണെന്ന് ആരോപിച്ച് ബിജെപി കൗൺസിലർമാർ ധർണയും നടത്തി. എന്നാല്‍, കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ മിനിറ്റ്സ് തിരുത്തിയെന്ന പ്രതിപക്ഷ ആരോപണം ബിജെപി മുഖവിലക്കെടുക്കുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ വാദം. ഇതുന്നയിച്ചാണ് ബഹളം പതിവാകുന്നത്.

ചട്ടങ്ങൾക്കനുസൃതമായാണ് നടപടികളെന്ന വിശദീകരണവുമായി ബിജെപിയും നിലപാട് വ്യക്തമാക്കുന്നു. ഇരു വിഭാഗവും നിലപാടുകളിൽ ഉറച്ച് നിൽക്കുമ്പോൾ കോടികളുടെ കേന്ദ്ര - സംസ്ഥാന പദ്ധതികളാണ് കടലാസിൽ മാത്രമാവുന്നത്. ‍ ഈ മാസം പതിന‌ഞ്ചിനകം പദ്ധതികൾക്ക് കൗൺസിൽ അംഗീകാരം ലഭിച്ചില്ലെങ്കിൽ പല വികസന ഫണ്ടുകളും എന്നന്നേക്കുമായി നഷ്ടമാകുമെന്ന നിലയിലാണ്.

കഴിഞ്ഞ മാസം നഗരസഭാ ഭരണത്തില്‍ നിന്ന് ബിജെപിയെ താഴെയിറക്കാന്‍ യുഡിഎഫ് ശ്രമിച്ചിരുന്നു. എന്നാല്‍, അധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമെതിരെയുള്ള യുഡിഎഫ് അവിശ്വാസം പരിഗണിക്കാനിരിക്കെ കോൺഗ്രസ് കൗൺസിലർ രാജിവച്ചു. പിന്നീട് ഈ കൗണ്‍സിലര്‍ ബിജെപിയില്‍ ചേരുകയായിരുന്നു. 

click me!