കയ്യേറ്റ നടപടിയില്‍ നിന്ന് വമ്പന്മാരെ ഒഴിവാക്കുന്നു; റവന്യൂ വകുപ്പിനെതിരെ സി പി ഐ പ്രാദേശിക നേതൃത്വം

By Web TeamFirst Published Dec 12, 2018, 7:25 PM IST
Highlights

പഴയമൂന്നാറില്‍ തോട് പുറംപോക്ക് കയ്യേറി പുതിയ കെട്ടം നിര്‍മ്മിക്കുന്നത് റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്നും സാധാരണക്കാരന് വീട് വയ്ക്കുന്നതിന് അനുമതി നല്‍കാത്ത അധികൃതര്‍ വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിയ്ക്കുകയാണെന്നും സി പി ഐ ദേവികുളം മണ്ഡലം സെക്രട്ടറി പി പളനിവേല്‍ ആരോപിക്കുന്നു.

ഇടുക്കി: മൂന്നാറില്‍ റവന്യൂ വകുപ്പിന്റെ നടപടിയെ വിമര്‍ശിച്ച് സി പി ഐ പ്രാദേശിക നേതൃത്വം രംഗത്ത്. അനധികൃത കയ്യേറ്റങ്ങള്‍ക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരേ നടപടി സ്വീകരിക്കുന്നത് വമ്പന്മാരെ ഒവിവാക്കിയെന്ന് സി പി ഐ. പഴയ മൂന്നാറില്‍ വന്‍കിട കെട്ടിടം നിര്‍മ്മിക്കുന്നത് നീരൊഴുക്ക് തടസ്സപ്പെടുത്തി കൈത്തോട് കയ്യേറിയെന്നും ആരോപണം. ഒരിടവേളയ്ക്കുശേഷം മൂന്നാറിലെ കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും വീണ്ടും വിവാദമാകുകയാണ്. 

ഇത്തവണ റവന്യൂ വകുപ്പ് മന്ത്രിയുടെ പാര്‍ട്ടിയായ സി പി ഐയുടെ പ്രാദേശിക നേതൃത്വമാണ് റവന്യൂ ഉദ്യോഗസ്ഥരുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. പഴയമൂന്നാറില്‍ തോട് പുറംപോക്ക് കയ്യേറി പുതിയ കെട്ടം നിര്‍മ്മിക്കുന്നത് റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്നും സാധാരണക്കാരന് വീട് വയ്ക്കുന്നതിന് അനുമതി നല്‍കാത്ത അധികൃതര്‍ വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിയ്ക്കുകയാണെന്നും സി പി ഐ ദേവികുളം മണ്ഡലം സെക്രട്ടറി പി പളനിവേല്‍ ആരോപിക്കുന്നു. 

നിലവില്‍ പഴയമൂന്നാറില്‍ തോടിന്റെ നീരൊഴുക്ക് തടസ്സപ്പെടുത്തി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് പഞ്ചായത്തടക്കം അനുമതി നല്‍കിയിട്ടുണ്ട്. തോടും റോഡുമടക്കമുള്ളിടത്ത്  നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതിന്റെ ദൂരപരിധി പാലിക്കാതെയാണ് കെട്ടിടം നിര്‍മ്മിക്കുന്നതെന്നാണ് സി പി ഐയുടെ ആരോപണം.

ഉപജീവനത്തിനായി വഴിയോരത്ത് കച്ചവടം നടത്തുന്നവരെ ഒഴുപ്പിക്കുന്നതിന് പഞ്ചായത്തും മറ്റ് അധികൃതരും കാണിക്കുന്ന ശുഷ്‌ക്കാന്തി ഇത്തരം വന്‍കിട നിര്‍മ്മാണങ്ങള്‍ക്കെതിരേ കാണിക്കാന്‍ മടിയ്ക്കുകയാണെന്നും സി പി ഐ പ്രവര്‍ത്തകര്‍ പറയുന്നു. റവന്യൂ വകുപ്പിന്റെ നടപടിയില്‍ പ്രതിക്ഷേധിച്ച് സി പി ഐ തന്നെ രംഗത്തെത്തിയതോടെ വരും ദിവസ്സങ്ങളില്‍ കോണ്‍ഗ്രസ്സും, ബി ജെ പിയും പ്രത്യക്ഷ സമരവുമായി രംഗത്തെത്തുമെന്നാണ് സൂചന.

click me!