
തിരുവനന്തപുരം: പൊലീസുകാരെയും ജയിൽ ഉദ്യോഗസ്ഥരെയും സമ്മർദ്ദത്തിലാക്കി എച്ച്ഐവി ബാധിതനായ തടവുകാരൻ. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോള്‍ സിഗററ്റ് വാങ്ങി നൽകാത്തതിന് പ്രതി ഓടി രക്ഷപ്പെടാനും ശ്രമിച്ചു.
കൊലക്കേസും കഞ്ചാവ് കേസുമുള്‍പ്പെടെ നിരവധി കേസിൽ പ്രതിയായ തടവുകാരൻ സിറ്റിയിലെ പൊലീസുകാരെ കുറെ നാളായി സമ്മർദ്ദത്തിലാക്കുകയാണ്. ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ ചില പൊലീസുകാരെ ഡിജിപി തന്നെ ഇടപ്പെട്ട വിദഗ്‍ധ ചികിത്സക്കായി അയച്ചു. പൊലീസുകാരെ ആക്രമിച്ച കേസിൽ ഇപ്പോള്‍ റിമാൻഡിൽ കഴിയുന്ന പ്രതി ജയിൽ ജീവനക്കാർക്കും തലവേദനയാണ്. കഴിഞ്ഞ ദിവസം റിമാൻഡ് നീട്ടാനായി പ്രതിയെ എആർ ക്യാമ്പിലെ പൊലീസുകാർ വഞ്ചിയൂർ കോടതിയിലെത്തിച്ചപ്പോള്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
സിഗരറ്റ് വാങ്ങി നൽകാത്തതിനായിരുന്നു ഭീഷണി, ഇറങ്ങിയോടാനും പ്രതി ശ്രമിച്ചു. പിടിക്കാൻ ചെന്ന പൊലീസുകാരെ ഭീഷണിപ്പെടുത്തി. പൊലീസ് പിടിക്കാൻ ചെന്നാൽ കടിച്ച് പരിക്കേൽപ്പിക്കും, ഇല്ലെങ്കിൽ കൈമുറിച്ച് രക്തം മറ്റുള്ളവരുടെ ശരീരത്തിലൊഴിക്കും എന്നെല്ലാം ആയിരുന്നു പ്രതിയുടെ ഭീഷണി. തടവുകാരന്‍റെ സ്വഭാവമറിയാവുന്നതിനാൽ പൊലീസുകാര്‍ പ്രത്യേകിച്ചൊന്നും ചെയ്യാതെ മാറിനിന്നു. ഒടുവിൽ കൂടുതൽ പൊലീസെത്തി അനുനയിപ്പിച്ചാണ് ഇയാളെ ജയിലിലേക്ക് കൊണ്ടുപോയത്. ഇത്തരം തടവുകാരെ ജയിലിൽ നിന്നും വീഡിയോ കോണ്‍ഫറൻസ് വഴി വിസ്തരിക്കണമെന്ന പൊലീസിന്‍റെ ആവശ്യം ഇത് വരെ ജയിൽവകുപ്പ് നടപ്പാക്കിയിട്ടില്ല. പ്രശ്നത്തിൽ അടിയന്തിര ഇടപെടൽ പൊലീസ് അസോസിയേഷനും ആവശ്യപ്പെട്ടും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam