മൂന്നാറിലും പൂത്തുലഞ്ഞ് കരീബിയന്‍ വസന്തം

By Web TeamFirst Published Jun 9, 2019, 3:29 PM IST
Highlights

ഭക്ഷണയോഗ്യമായ ഇവയുടെ ഇലയെ മെക്സിക്കയിലുള്ളവര്‍ ആഹാരമായി ഉപയോഗിക്കാറുണ്ട്. യൂക്കായ്ക്ക് 42 വിഭാഗങ്ങളും 24 ഉപവിഭാഗങ്ങളുമുണ്ട്. അസ്പറഗാസിയേ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ചെടിയാണ് യൂക്കാ. യൂക്കാ ഗ്ലോറിയോസാ എന്നാണ് ഇവയുടെ ശാസ്ത്രീയനാമം. 

ഇടുക്കി: അമേരിക്കന്‍ ഭൂഖണ്ഡത്തിലും കരിബീയന്‍ ദ്വീപുകളിലും കാണപ്പെടുന്ന യൂക്കാ ചെടി മൂന്നാറില്‍ പൂവിട്ടു. ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞ യൂക്കാ ചെടി അപൂര്‍വ്വമായാണ് വിരിയാറ്. നിലം പറ്റെ നില്‍ക്കുന്ന ഒരു കൂട്ടം ചെടികളുടെ നടുക്ക് തലയുയര്‍ത്തി നില്‍ക്കുന്ന യൂക്കായുടെ സ്വദേശവും കരിബീയന്‍ ദ്വീപ്, അമേരിക്ക എന്നിവിടമാണ്. 

കരീബീയന്‍ ദ്വീപുകളിലെ കടല്‍ത്തീരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ കണ്ടു വരുന്ന ചെടി മൂന്നാറിലെ നല്ലതണ്ണി ടീ മ്യൂസിയത്തിന് സമീപമാണ് പൂവിട്ട് നില്‍ക്കുന്നത്. കട്ടി കൂടിയ ഇലകളോട്  കൂടിയ ചെടി, വാടാത്ത ചെടികളുടെ ഗണത്തില്‍പ്പെടുന്നവയാണ്. ഒരിക്കല്‍ ശേഖരിച്ചു കഴിഞ്ഞാല്‍ ഇവയുടെ വേരുകള്‍ക്ക് ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കുവാനുള്ള കഴിവുണ്ട്. 

ഇലകള്‍ക്ക് മുകളില്‍ മെഴുകുപോലെ തോന്നിപ്പിക്കുന്ന ഭാഗം ജലാംശം നഷ്ടപ്പെടുന്നതിനെ തടയുന്നു. ഇത്തരത്തില്‍ മൂന്നു വര്‍ഷം വരെ നിലനില്‍ക്കുവാനുള്ള കഴിവ് ഈ ചെടിയ്ക്കുണ്ട്. കാറ്റിനെ പ്രതിരോധിക്കാനുള്ള ശക്തിയുള്ളതു കാരണം കാറ്റര്‍പില്ലര്‍, ലാര്‍വ്വ തുടങ്ങി ചെറുകീടങ്ങള്‍ ഈ ചെടിയുടെ ഉള്ളില്‍ താവളമാക്കാറുണ്ട്. കരിബീയന്‍ ദ്വീപ്, അമേരിക്ക എന്നിവയ്ക്കു പുറമേ മെക്സിക്കോ, ഗ്വാട്ടിമാല തുടങ്ങി രാജ്യങ്ങളിലും ഇവയെ കണ്ടുവരുന്നു.

ഏത് കാലാവസ്ഥയെയും അതിജീവിക്കാന്‍ കഴിവുള്ള ഇവ ഉഷ്ണമേഖല പ്രദേശങ്ങള്‍ക്ക് പുറമേ പുല്‍മേടുകളിലും മലനിരകളിലും വളരുന്നു. ഉദ്യാനങ്ങളില്‍ ഒരു അലങ്കാര ചെടിയായി ഇവയെ വളര്‍ത്താറുണ്ട്. ഭക്ഷണയോഗ്യമായ ഇവയുടെ ഇലയെ മെക്സിക്കയിലുള്ളവര്‍ ആഹാരമായി ഉപയോഗിക്കാറുണ്ട്. യൂക്കായ്ക്ക് 42 വിഭാഗങ്ങളും 24 ഉപവിഭാഗങ്ങളുമുണ്ട്. അസ്പറഗാസിയേ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ചെടിയാണ് യൂക്കാ. യൂക്കാ ഗ്ലോറിയോസാ എന്നാണ് ഇവയുടെ ശാസ്ത്രീയനാമം. സ്പാനിഷ് ഡാഗര്‍ എന്നും അറിയപ്പെടാറുണ്ട്.

click me!