
കലവൂർ: മനസ്സിനും ശരീരത്തിനുമേറ്റ മുറിവുകളിൽ ആത്മവിശ്വാസത്തിന്റെ മരുന്നുവച്ച് നന്ദന നടന്നുകയറുകയാണ് ഡോക്ടറാകാൻ. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു മാസങ്ങൾ നീണ്ട ആശുപത്രിവാസമായിരുന്നു നന്ദനയുടെ ജീവിതത്തിലെ ഏറ്റവും വലിയ പാഠം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് വളവനാട് നന്ദു നിവാസിൽ ഉല്ലാസിന്റെയും റാണിമോളുടെയും മകൾ ആർ. നന്ദനയ്ക്ക് (18) ആലപ്പുഴ ഗവ. മെഡിക്കൽ കോളജിൽ എംബിബിഎസ് പഠനത്തിനു പ്രവേശനം ലഭിച്ചതിനു പിന്നിൽ വലിയൊരു പോരാട്ടത്തിന്റെ കഥയുണ്ട്. റോഡപകടത്തില്‍പ്പെട്ട് ഗുരുതര പരിക്കേറ്റപ്പോള്‍ ഒരു നാട് മുഴുവൻ അവളെ ചേർത്തുപിടിച്ച സ്നേഹക്കണ്ണീരിന്റെ നനവുമുണ്ട് ആ പോരാട്ടത്തിന്.
2018ൽ സ്കൂളിൽ നിന്ന് വീട്ടിലേക്കു സൈക്കിളിൽ മടങ്ങുമ്പോഴാണ് കഞ്ഞിക്കുഴിക്കു സമീപം കാർ ഇടിച്ച് നന്ദനയ്ക്കു ഗുരുതരമായി പരുക്കേറ്റത്. ചേർത്തല എസ്എൻ ട്രസ്റ്റ് സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു. കാർ ഇടിച്ച് കാനയിൽ വീണ നന്ദനയുടെ വലതു കയ്യും ഇടതുചെവിയും വേർപെട്ട് തൂങ്ങിയ നിലയിലായിരുന്നു. തലയിൽ രക്തസ്രാവവുമായി ഗുരുതരാവസ്ഥയിലായിരുന്ന നന്ദനയെ പൊലീസ് ആംബുലൻസിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഒന്നരമാസത്തോളം ഇവിടെ അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ. പിന്നീട്, ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും ഒന്നരമാസം വെന്റിലേറ്ററിൽ. അബോധാവസ്ഥയില്‍ കഴിഞ്ഞ മൂന്ന് മാസത്തില്‍ മണിക്കൂറില്‍ നാല് ശസ്ത്രക്രിയയ്ക്ക് വരെ നന്ദനയ്ക്ക് വിധേയയാവേണ്ടി വന്നിരുന്നു.
ഓട്ടോ ഡ്രൈവറായ പിതാവ് ഉല്ലാസിന് താങ്ങാവുന്നതിലും അധികമായിരുന്നു ചികിത്സാ ചെലവ്. നാട്ടുകാരും സുഹൃത്തുക്കളും സഹായഹസ്തവുമായെത്തി. പിന്നീട്, മാസങ്ങൾ നീണ്ട ചികിത്സാദിനങ്ങൾ. പഠനത്തിൽ മിടുക്കിയായിരുന്ന നന്ദന സ്ക്രൈബിന്റെ സഹായത്തോടെ എസ്എസ്എൽസി പരീക്ഷ 90 ശതമാനം മാർക്കോടെ ജയിച്ചു. സ്ക്രൈബിന്റെ സഹായമില്ലാതെ തന്നെ എഴുതിയ എൻട്രൻസ് പരീക്ഷയില്‍ മികച്ച സ്കോറും നേടി നന്ദന. ‘ഒരുപാട് പേരുടെ സഹായമാണ് എന്റെ ജീവിതം. ഇനിയുള്ള ജീവിതം അവരെ സേവിക്കാനായി മാറ്റിവയ്ക്കുകയാണ്' എന്നാണ് നേട്ടത്തേക്കുറിച്ച നന്ദന പറയുന്നത്.