
തിരുവനന്തപുരം: കടലിൽ കുളിക്കവെ തിരയിൽ പെട്ട സ്വകാര്യ ഹോട്ടലിലെ ലൈഫ് ഗാർഡിനെ തീരദേശ പൊലീസ് രക്ഷപ്പെടുത്തി. കടലിൽ ശക്തമായ തിരയിൽപ്പെട്ടതിനെ തുടർന്ന് കരയ്ക്ക് കയറാനുള്ള ശ്രമം പരാജയപ്പെട്ട് തിര മുറിച്ച് കടക്കാനാകാതെ ഏറെ നേരം നീന്തിത്തളർന്ന അടിമലത്തുറ സ്വദേശി സേവ്യർ (33) നെയാണ് വിഴിഞ്ഞം തീരദേശ പൊലീസും മത്സ്യതൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആഴിമല തീരത്തായിരുന്നു സംഭവം.
ആഴിമല ഭാഗത്ത് ഒരാൾ കടലിൽ അകപ്പെട്ടെന്ന വിവരം നാട്ടുകാരാണ് വിഴിഞ്ഞം കോസ്റ്റൽ സി.ഐ. കെ. പ്രദീപിനെ അറിയിച്ചത്. സ്വന്തമായി ബോട്ടില്ലാത്ത തീരദേശ പൊലീസ് കടൽ ക്ഷോഭം വക വയ്ക്കാതെ സമീപത്തുണ്ടായിരുന്ന മത്സ്യബന്ധന ബോട്ടുമായി പാഞ്ഞ് എത്തി തിരയിൽപ്പെട്ട് നീന്തിത്തളർന്ന യുവാവിനെ കഠിന ശ്രമം നടത്തിയാണ് രക്ഷപ്പെടുത്തിയത്.
വിഴിഞ്ഞം കോസ്റ്റൽ സ്റ്റേഷനിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം സേവ്യറിനെ അച്ഛൻ രത്നത്തിനോടൊപ്പം വീട്ടിലേക്ക് അയച്ചു. കോസ്റ്റൽ സബ് ഇൻസ്‌പെക്ടർ ജ്യോതിഷ് കുമാർ , കോസ്റ്റൽ വാർഡന്മാരായ തദയൂസ്, സൂസ, കിരൺ,സിൽവസ്റ്റർ, മത്സ്യ തൊഴിലാളികളായ ജെയിംസ്, സുധീർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഒരു സ്വകാര്യ റിസോർട്ടിലെ ലൈഫ് ഗാർഡായി സേവനം ചെയ്യുകയാണ് സേവ്യർ.
ജീവനുകൾ കടലിൽ മുങ്ങി താഴുമ്പോൾ, ആഡംബരമായി ഉദ്‌ഘാടനം നിർവഹിച്ച മറൈൻ ആംബുലൻസ് നോക്കുകുത്തിയാവുന്നതായി ആരോപണം നേരത്തെയും ഉയര്‍ന്നിരുന്നു. മറൈൻ എൻഫോഴ്‌സ്‌മെന്റ്, തീരദേശ പൊലീസ് എന്നിവരുടെ ബോട്ടുകളും പ്രക്ഷുബ്ദതമായ കടലിൽ ഉപയോഗശൂന്യമാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നത്. വിഴിഞ്ഞം കേന്ദ്രീകരിച്ച് ഇതുവരെ നടന്ന മുഴുവൻ അപകടങ്ങളിലും മറൈൻ എൻഫോഴ്സ്മെന്റിന്റെ ഇടപെടൽ ഇങ്ങനെ നിർജ്ജീവമായിട്ടുള്ളതാണ് എന്നാണ് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നത്. ശാന്തമായ കടലിൽ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ബോട്ടുകളായതിനാൽ ഇവ പ്രക്ഷുബ്ദമായ കടലിൽ ഉപയോഗ ശൂന്യമാണെന്നാണ് വാദം.
നേരത്തെ കോവളത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ കാറ്ററിങ് വിദ്യാർത്ഥി തിരയില്‍പ്പെട്ട് മരിച്ചിരുന്നു. കൊല്ലം അഗസ്ത്യക്കോട് സ്വദേശി ഷഹിൻഷായാണ് മരിച്ചത്. 21 വയസായിരുന്നു. കോവളത്തെ മൂന്നാംവർഷ കാറ്ററിംഗ് വിദ്യാർഥിയായിരുന്നു. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഷഹിന്‍ഷാ കടപ്പുറത്തെത്തിയത്. ഷഹിന്‍ഷാ കുളിക്കാനിറങ്ങുകയും തിരയില്‍പ്പെടുകയുമായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam