എയ്ഡ്സിനോട് പൊരുതി ബെൻസി പോയിട്ട് 10 വ‍ര്‍ഷം, ഇപ്പോൾ ബെൻസണും യാത്രയായി, പ്രണയനൈരാശ്യത്തിൽ ആത്മഹത്യ

Published : Apr 17, 2022, 03:25 PM ISTUpdated : Apr 17, 2022, 03:50 PM IST
എയ്ഡ്സിനോട് പൊരുതി ബെൻസി പോയിട്ട് 10 വ‍ര്‍ഷം, ഇപ്പോൾ ബെൻസണും യാത്രയായി, പ്രണയനൈരാശ്യത്തിൽ ആത്മഹത്യ

Synopsis

''എന്‍റെ കഴിവുകണ്ട് എന്നെ സ്നേഹിക്കുന്നവളെക്കാളേറെ എന്‍റെ കുറവ് കണ്ട് എന്നെ സ്നേഹിക്കുന്നവളെയാണ് എനിക്കിഷ്ടം'' നാളുകള്‍ക്കുമുമ്പ് ഫെയ്സ്ബുക്കില്‍ ബെന്‍സണ്‍ കുറിച്ചിട്ടതാണ് ഈ വരികള്‍....

കൊല്ലം: സാമൂഹ്യ വിവേചനത്തിന് ഇരയാക്കപ്പെട്ടതിന്റെ പേരിൽ രണ്ടു പതിറ്റാണ്ടു മുമ്പ് കേരള സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വിധേയമാക്കപ്പെട്ടതാണ് കൊല്ലം സ്വദേശികളായ ബെൻസണിന്റെയും ബെൻസിയുടെയും ജീവിതം. എച്ച്ഐവി രോഗവും അതിന്റെ പേരിലുണ്ടായ വിവേചനങ്ങളും നേരിട്ട് പത്തു വർഷം മുമ്പ് ബെൻസി ജീവിതത്തോടു വിട പറഞ്ഞു. പ്രണയ നൈരാശ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസം കൊട്ടാരക്കരയിലെ ബന്ധുവീട്ടിൽ ബെൻസനും ജീവനൊടുക്കിയതോടെ കൊല്ലം ജില്ലയിൽ ആദ്യമായി എയ്ഡ്സ് രോഗം സ്ഥിരീകരിച്ച കുടുംബത്തിലെ അവസാന കണ്ണിയും ഓർമയായി.

എന്‍റെ കഴിവുകണ്ട് എന്നെ സ്നേഹിക്കുന്നവളെക്കാളേറെ എന്‍റെ കുറവ് കണ്ട് എന്നെ സ്നേഹിക്കുന്നവളെയാണ് എനിക്കിഷ്ടം. നാളുകള്‍ക്കുമുമ്പ് ഫെയ്സ്ബുക്കില്‍ ബെന്‍സണ്‍ കുറിച്ചിട്ടതാണ് ഈ വരികള്‍. ജീവിതത്തിലെ കുറവുകളെ കുറിച്ചൊന്നും ആലോചിക്കാതെ പ്രതിസന്ധികളുടെ നടുവിലും പ്രതീക്ഷാ നിര്‍ഭരമായൊരു ജീവിതമായിരുന്നു ബെന്‍സണ്‍ നയിച്ചിരുന്നതെന്ന് ആ ചെറുപ്പക്കാരന്‍റെ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ നമ്മളോട് പറയും.

ഇരുപത് കൊല്ലം മുമ്പാണ് ബെന്‍സന്‍റെയും സഹോദരി ബെന്‍സിയുടെയും ജീവിതം കേരള സമൂഹമനസാക്ഷിക്കു മുമ്പില്‍ ഒരുപാട് ചോദ്യങ്ങളുയര്‍ത്തി നിന്നത്. എയ്ഡ്സ് രോഗബാധിതരായ മാതാപിതാക്കളുടെ മക്കള്‍ എന്നതായിരുന്നു അന്ന് സമൂഹം അവര്‍‍ക്ക് ചാര്‍ത്തി നല്‍കിയ മേല്‍വിലാസം. എയ്ഡ്സ് ബാധിതരായ കുട്ടികള്‍ പഠിക്കുന്ന ക്ലാസിലേക്ക് മക്കളെ അയയ്ക്കില്ലെന്ന് മറ്റ് കുട്ടികളുടെ മാതാപിതാക്കള്‍ നിലപാടെടുത്തു. കുട്ടികള്‍ നേരിട്ട വിവേചനത്തെ പറ്റി ഏഷ്യാനെറ്റ് ന്യൂസിലൂടെ കേരളമറിഞ്ഞു.

അന്ന് കേന്ദ്രമന്ത്രിയായിരുന്ന സുഷമാ സ്വരാജ് ഉള്‍പ്പെടെയുളളവര്‍ ബെന്‍സണെയും ബെന്‍സിയെയും പിന്തുണച്ച് ചേര്‍ത്ത് നിര്‍ത്തി. മാതാപിതാക്കളായ ചാണ്ടിയുടെയും മേരിയുടെയും മരണശേഷം അമ്മൂമ്മ സാലിക്കുട്ടിക്കൊപ്പമായിരുന്നു കുട്ടികളുടെ ജീവിതം. രോഗം മൂര്‍ച്ഛിച്ച് പത്തു വര്‍ഷം മുമ്പ് ബെന്‍സി ജീവിതത്തില്‍ നിന്ന് യാത്ര പറഞ്ഞു. അടുത്തിടെ അമ്മൂമ്മയും മരിച്ചതോടെ ഒറ്റയ്ക്കായ ബെന്‍സന്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി മറ്റൊരു ബന്ധുവിനൊപ്പമായിരുന്നു താമസം.

രോഗത്തിന് തുടര്‍ചികില്‍സ തേടിയിരുന്നെങ്കിലും രോഗത്തിന്‍റേതായ ശാരീരിക ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെയായിരുന്നു ജീവിതം. ഇതിനിടയിലാണ് ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായത്. പ്രണയിനിയുമായുളള പിണക്കത്തെ തുടര്‍ന്ന് ഒരാഴ്ചയായി ബെന്‍സന്‍ മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം രാത്രി ബന്ധുവീട്ടിലെ കിടപ്പുമുറിയില്‍ ജീവിതമവസാനിപ്പിച്ച് ബെന്‍സന്‍ വിവേചനങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എകെജി സെന്റർ സ്ഥിതി ചെയ്യുന്ന മണ്ഡലത്തിലും എൽഡിഎഫിന് ഞെട്ടിക്കുന്ന തോൽവി, തോറ്റത് സ്റ്റാർ സ്ഥാനാർഥി
കോർപ്പറേഷനുകളിൽ യുഡിഎഫിന്റെ ഞെട്ടിക്കൽ മുന്നേറ്റം, അഞ്ചിൽ നിന്ന് ഒന്നിലൊതുങ്ങി എൽ‍ഡിഎഫ്, തിരുവനന്തപുരത്ത് എൻഡിഎ മുന്നിൽ