ആലപ്പുഴയിൽ നിന്ന് 17 വർഷം മുൻപ് കാണാതായ രാഹുലിന്റെ അച്ഛൻ ജീവനൊടുക്കി

By Web TeamFirst Published May 22, 2022, 10:57 PM IST
Highlights

താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് രാജു ഭാര്യ മിനിയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു

ആലപ്പുഴ: ആലപ്പുഴയിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് കാണാതായ രാഹുലിന്റെ അച്ഛൻ എ കെ രാജു ജീവനൊടുക്കി. കഴിഞ്ഞ 18 ന് രാഹുലിനെ കാണാതായിട്ട് 17 വർഷം തികഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാജു ജീവനൊടുക്കിയത്. ഈ സമയത്ത് മിനി വീട്ടിലുണ്ടായിരുന്നില്ല. എന്നാൽ താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് രാജു ഭാര്യ മിനിയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. മിനി അയൽക്കാരെ വിവരം അറിയിച്ചുവെങ്കിലും ഇവർ എത്തിയപ്പോഴേക്കും രാജു തൂങ്ങിമരിച്ചിരുന്നു. മൃതശരീരം ആശുപത്രിയിലേക്ക് മാറ്റി. 

ആലപ്പുഴ ആശ്രമം വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ രാജു-മിനി ദമ്പതികളുടെ മകനായ രാഹുലിനെ 2005 മേയ് 18നാണ് കാണാതായത്. കാണാതാകുമ്പോൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. വീടിന് സമീപത്തെ മഞ്ഞിപ്പുഴ മൈതാനത്ത് ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു രാഹുല്‍. ഇവിടെ നിന്നാണ് കാണാതായത്. ആലപ്പുഴ പൊലീസും ക്രൈം ഡിറ്റാച്ച്‌മെന്റ് സംഘവും അന്വേഷണം നടത്തിയിട്ടും ഒരു തുമ്പും കണ്ടെത്താനായില്ല. രാഹുലിന്റെ മുത്തച്ഛന്‍ ശിവരാമപണിക്കരുടെ പരാതിയെ തുടര്‍ന്ന് 2009 ൽ എറണാകുളം സി ജെ എം കോടതി കേസ് സിബിഐക്ക് വിട്ടു. എന്നാൽ സിബിഐക്കും കേസിൽ ഒന്നും കണ്ടെത്താനായില്ല.

കുഞ്ഞിനെ കാണാതാകുമ്പോൾ വിദേശത്തായിരുന്നു രാജു. മകനെ കാണാതായതോടെ ജോലി മതിയാക്കി നാട്ടിൽ വന്നതായിരുന്നു. പിന്നീട് ശാരീരിക അസ്വാസ്ഥ്യങ്ങൾ നേരിട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്നു. രാഹുലിനെ കാണാതായ ശേഷം രാജു - മിനി ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. ശിവാനി എന്ന് പേരുള്ള ഈ പെൺകുട്ടി ഇപ്പോൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. മിനി കൺസ്യൂമർ ഫെഡിന്റെ നീതി സ്റ്റോറിൽ ജീവനക്കാരിയാണ്. രാഹുലിനായുള്ള കാത്തിരിപ്പവസാനിപ്പിച്ച് രാജു ജീവിതം അവസാനിക്കുമ്പോൾ തളർന്ന് പോകുന്നത് മിനിയും ശിവാനിയുമാണ്.

click me!