
ചേര്‍ത്തല: ചേർത്തല ഹോളി ഫാമിലി ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന സൂരജ് (അപ്പു) വിന് മൂന്ന് വയസു മുതല്‍ ഗുരുതരമായ വൃക്ക രോഗം പിടിപെട്ടുവെങ്കിലും പരീക്ഷയില്‍ മികച്ച വിജയം നേടാനായി. സ്‌കൂളില്‍ വളരെ കുറച്ച് ദിവസങ്ങളെ ഓരോ അധ്യായന വര്‍ഷത്തിലും പോയിരുന്നുള്ളു. എന്നാല്‍ കഴിഞ്ഞ ദിവസം പത്താം ക്ലാസ് പരീക്ഷ ഫലം പുറത്തുവന്നപ്പോള്‍ മികച്ച വിജയം നേടിയെന്നത് അപ്പു അറിഞ്ഞത് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി കിടക്കയില്‍ നിന്നാണ്.
പട്ടണക്കാട് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ബൈജുവിന്റെയും സന്ധ്യയുടെയും മകനായ സൂരജ് (അപ്പു) മൂന്നു വയസ്സുള്ളപ്പോള്‍ മുതല്‍ വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്. 13 വര്‍ഷമായി തുടര്‍ച്ചയായി ചികിത്സയുമായി കഴിയുന്ന അപ്പു വീട്ടിലും സ്‌കൂളിലും കഴിയുന്നതിനേക്കാള്‍ കൂടുതല്‍ സമയം ആശുപത്രി കിടക്കയിലാണ് ചിലവഴിച്ചിട്ടുള്ളത്. ചെറിയ ക്ലാസുകള്‍ പൂര്‍ണ്ണമായും അപ്പു വീട്ടില്‍ തന്നെയായിരുന്നു പഠനം നടത്തിയിരുന്നത്.
പഠിക്കാന്‍ മിടുക്കനായിരുന്ന അപ്പുവിന് വേദന തടസ്സമായിരുന്നെങ്കിലും അതിനെയെല്ലാം തരണം ചെയ്ത് അപ്പു പഠിച്ചു. മാസങ്ങളോളം ക്ലാസില്‍ പോകാന്‍ കഴിയാതെ വന്നപ്പോഴും അധ്യാപകരും, സഹപാഠികളും സഹായിച്ചു. പത്താംക്ലാസില്‍ മുഴുവന്‍ എ പ്ലസ് നേടണമെന്നായിരുന്നു അപ്പു വിന്റെ ആഗ്രഹം. പത്താം ക്ലാസിലെ അവാസാന പരീക്ഷയ്ക്ക് മാസങ്ങള്‍ക്കുമുന്‍പ് അപ്പു വീണ്ടും ആശുപത്രി കിടക്കയില്‍ ആയി. മുഴുവന്‍ പുസ്തകങ്ങളുമായി ആശുപത്രിയിലെത്തിയാണ് അപ്പു പഠനം തുടര്‍ന്നത്.
അടുത്ത വര്‍ഷം പരീക്ഷ എഴുതാം എന്ന് മാതാപിതാക്കള്‍ പറഞ്ഞ് ആശ്വസിപ്പിച്ച് എങ്കിലും അവന്‍ തയ്യാറായില്ല. പരീക്ഷയുടെ തലേന്നു ഐ സി യു ല്‍ കിടന്നിരുന്ന അപ്പു ഡോക്ടറോട് പരീക്ഷ എഴുതണമെന്ന പറഞ്ഞു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം പരീക്ഷയ്ക്ക് മണിക്കൂറുകള്‍ക്ക് മുന്‍പ് മരുന്ന് നല്‍കി ആംബുലന്‍സിലാണ് സ്‌കൂളിലേയ്ക്ക് പോയി എല്ലാപരീക്ഷയും എഴുതിയത്. ഫലം വന്നപ്പോള്‍ രണ്ട് വിഷയങ്ങളില്‍ എ പ്ലസ്, നാല് വിഷയത്തയില്‍ എ, നാല് ബി പ്ലസ്. പത്ത് ദിവസം എങ്കിലും എനിക്ക് പഠിക്കുവാന്‍ കിട്ടിയിരുന്നെങ്കില്‍ മുഴുവന്‍ എ പ്ലസ് ഞാനും വാങ്ങിയേനെയെന്നാണ് നിറകണ്ണുകളോടെ അപ്പു പറയുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam