
ചാരുംമൂട്(ആലപ്പുഴ): പറയംകുളത്ത് മരുമകന്റെ കുത്തേറ്റ് കൊല്ലപ്പെട്ട നൂറനാട് ഇടക്കുന്നം നെല്ലുംവിള താഴെ ജയകുമാറിന്റെ ഭാര്യ ജയകുമാരിക്ക് കണ്ണീരോടെ നാടിന്റെ അന്ത്യാഞ്ജലി. പോസ്റ്റ്മോർട്ടത്തിനുശേഷം ഇടപ്പോൺ ജോസ്കോ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഞായറാഴ്ച രാവിലെ പത്തോടെ വീട്ടിലെത്തിച്ച് സംസ്കാരം നടത്തി. എം എസ് അരുൺകുമാർ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും നാടിന്റെ നാനാതുറകളില്പെട്ട നിരവധിയാളുകളും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
കുടുംബത്തിന് അത്താണിയായ ഗൃഹനാഥയെ നഷ്ടപ്പെട്ട സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ കുടുംബത്തിന് അടിയന്തര സർക്കാർ സഹായം ലഭ്യമാക്കണമെന്ന ആവശ്യവും ശക്തമായി ഉയർന്നിട്ടുണ്ട്. സംഭവത്തിൽ അറസ്റ്റിലായ മരുമകൻ ജിജോ ജോസഫിനെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഭാര്യയുമായുള്ള പ്രശ്നങ്ങളിൽ ഭാര്യാമാതാവിനോട് ജിജോയ്ക്ക് ഉണ്ടായിരുന്ന കടുത്ത വൈരാഗ്യമാണ് നിഷ്ഠൂരമായ കൊലപാതകത്തിൽ കലാശിച്ചത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് നൂറനാട് സിഐ പി ശ്രീജിത്ത് അറിയിച്ചു.
ചാരുംമൂട്: ഇടക്കുന്നം നെല്ലുംവിള താഴെ ക്ഷേത്ര സെക്യൂരിറ്റി ജീവനക്കാരനായ ജയകുമാറിന്റെ ഭാര്യ ജയകുമാരി (45) മരുമകന്റെ കുത്തേറ്റ് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായതായി പരാതി. മരുമകൻ ജിജോയുടെ ഭീഷണിയും ഉപദ്രവവും ചൂണ്ടിക്കാട്ടി ജയകുമാരിയുടെ മകൾ അർച്ചന രണ്ടുതവണ നൂറനാട് പൊലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ ഈ ദാരുണമായ കൊലപാതകം ഒഴിവാക്കാമായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
കഴിഞ്ഞ പത്തൊൻപതിന് അർച്ചന പൊലീസ് സ്റ്റേഷനിലെത്തി ജിജോയെക്കുറിച്ച് രേഖാമൂലം പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെ ജയകുമാറിനെ ജിജോ ഫോണിൽ ഭീഷണിപ്പെടുത്തിയതോടെ പിറ്റേദിവസം അർച്ചന പിതാവിനൊപ്പമെത്തി വീണ്ടും പൊലീസിൽ വിവരമറിയിച്ചു. എന്നാൽ, പ്രതിയെ ഫോണിൽ വിളിച്ചതല്ലാതെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പ്രശ്നപരിഹാരത്തിന് പൊലീസ് തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. നാടിനെ ഞെട്ടിച്ച കൊലപാതകത്തിലേക്ക് നയിച്ച പൊലീസിന്റെ ഈ അനാസ്ഥയ്ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam