തിരുവനന്തപുരത്ത് കാർ തടഞ്ഞുനിർത്തി ഡ്രൈവറെ മർദ്ദിച്ച് പുറത്തേക്ക് വലിച്ചിട്ട ശേഷം വാഹനം തട്ടിയെടുത്ത നാലംഗ സംഘം പിടിയിലായി. സിസിടിവി, ജിപിഎസ് എന്നിവയുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.

തിരുവനന്തപുരം: കാർ തടഞ്ഞു നിർത്തി ഡ്രൈവറെ പുറത്തേക്ക് വലിച്ചിട്ട ശേഷം വാഹനവുമായി കടന്ന നാലംഗ സംഘം പിടിയിൽ. ഞായറാഴ്ച വൈകിട്ട് കോവളം കെ എസ് റോഡിൽ പൂങ്കുളത്തിനു സമീപത്തായിരുന്നു സംഭവം. ശരത്, ചന്തു, അനീഷ്, ഗോകുൽ എന്നിവരാണ് അറസ്‌റ്റിലായത്. ശരത്തിനെ മധുരയിൽ നിന്നുമാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. പ്രതികൾ തട്ടിക്കൊണ്ടുപോയ കാർ തമിഴ്‌നാട്ടിലെ ഇരണിയലിൽ ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കാർ ഡ്രൈവർ പാച്ചല്ലൂർ സ്വദേശി രതീഷിനെ (36) മർദ്ദിച്ച് കാറിന് പുറത്തേക്ക് വലിച്ചിറക്കിയ ശേഷമാണ് സംഘം വാഹനം തട്ടിയെടുത്തു കടന്നത്. ഡ്രൈവറുടെ മൊബൈൽ ഫോണും പ്രതികൾ തട്ടിയെടുത്തു.

പരിക്കേറ്റ രതീഷ് ആശുപത്രിയിൽ ചികിത്സ തേടി. ഡ്രൈവറും പ്രതികളുമായി നേരത്തെയുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കാർ രതീഷ് വാടകയ്ക്ക് എടുത്ത് ഓടിക്കുകയായിരുന്നു. സംഭവ ശേഷം നടന്ന അന്വേഷണത്തിൽ പൂങ്കുളം ഭാഗത്തെ സിസിടിവിയിൽ നിന്നു പ്രതികളുടെ ദൃശ്യങ്ങൾ ലഭിച്ചത് പ്രതികളെ കണ്ടെത്താൻ പൊലീസിന് സഹായകരമായി. വാഹനത്തിലെ ജിപിഎസ് പരിശോധിച്ചപ്പോൾ കാർ തമിഴ്‌നാട് ഭാഗത്ത് എത്തിയത് മനസിലായതോടെ തമിഴ്‌നാട് പൊലീസിനു വിവരം കൈമാറി. തമിഴ്നാട് പൊലീസ് വാഹനം കണ്ടെത്തിയപ്പോൾ കാറിനുള്ളിൽ ആരുമില്ലായിരുന്നു. ഈ സമയം സമീപത്തെ ഹോട്ടലിൽ ആഹാരം കഴിച്ചെത്തിയ പ്രതികൾ കാറിനു സമീപത്ത് പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു.

പ്രതികളിലൊരാളായ ശരത് മധുര ഭാഗത്ത് എത്തിയതറിഞ്ഞ് വിഴിഞ്ഞം പൊലീസ് അവിടെ എത്തി പിടികൂടുകയായിരുന്നു. സംഭവം നടന്നത് തിരുവല്ലം സ്റ്റേഷൻ പരിധിയിലായതിനാൽ പ്രതികളെ അവിടേക്ക് കൈമാറി. പിടിയിലായ ശരത് കോവളം സ്‌റ്റേഷനിലെ റൗഡി പട്ടികയിൽ ഉൾപ്പെട്ട ആളാണെന്ന് പൊലീസ് അറിയിച്ചു.