
ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിലെ ഗ്യാലറി പരിപാലിക്കുന്നതില്‍ നഗരസഭ അധികൃതര്‍ കാട്ടിയത് ഗുരുതര വീഴ്ചയും കെടുകാര്യസ്ഥതയും. 2010ൽ നിര്‍മിച്ച ഗ്യാലറികളിലെ മിക്ക ഇരിപ്പടങ്ങളും ടൈലുകളും തകര്‍ന്ന നിലയിലാണ്. സിന്തറ്റിക്ക് ട്രാക്കിന്‍റെയും ഫുട്ബോള്‍ ഗ്രൗണ്ടിന്‍റെയും നിർമാണം പൂർത്തിയാക്കിയാല്‍ പോലും ഗ്യാലറികള്‍ ശരിയാക്കിയെടുക്കാന്‍ വീണ്ടും കോടികള്‍ മുടക്കേണ്ടി വരും.
2010ല്‍ പൂര്‍ത്തിയാക്കിയതാണ് ഗ്യാലറിയുടെയും കടമുറികളുടെയും നിര്‍മാണം. പിന്നീട് ആരും ഇങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല. വര്‍ഷങ്ങള്‍ കടന്നുപോയതോടെ ഗ്യാലറിയിലെ പല ഇരിപ്പടങ്ങളും ടൈലുകളും തകര്‍ന്നു. മഴ പെയ്താൽ കടമുറികൾ ചോര്‍ന്നൊലിക്കും. വരുമാനത്തിൽ മാത്രം കണ്ണുനട്ട് കായിക ഇതര ആവശ്യങ്ങള്‍ക്ക് ഗ്രൗണ്ട് വിട്ടു കൊടുത്തതോടെ നാശം തുടങ്ങിയെന്ന് വിമർശകര്‍ പറയുന്നു. ഒപ്പം സിന്തറ്റിക്ക് ട്രാക്കും ഫുട്ബോള്‍ ഗ്രൗണ്ടും ഒക്കെ നിര്‍മിക്കുന്നതിന് മുന്‍പേ കടമുറികള്‍ പണിയാനായിരുന്നു അധികൃതർക്ക് താത്പര്യമെന്ന വിമര്‍ശനവും ഉയര്‍ന്നു.
2022 ഡിസംബറിലാണ് സിന്തറ്റിക്ക് ട്രാക്കും നാച്ചുറല്‍ ടർഫ് അടക്കമുള്ള രണ്ടാം ഘട്ട നിര്‍മാണങ്ങള്‍ക്ക് തുടക്കമിട്ടത്. സിന്തറ്റിക്ക് ട്രാക്കിന്‍റെ പണി തുടക്കത്തിലെ നിലച്ചു. ട്രാക്ക് സ്ഥാപിക്കാനായി മണ്ണെടുത്തപ്പോള്‍ പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ കൂമ്പാരം. പണ്ട് മാലിന്യം വലിച്ചെറിയാനുള്ള ഡപിംഗ് യാര്‍ഡായി ഉപയോഗിച്ചതിന്‍റെ പരിണിത ഫലം. മാലിന്യം മുഴുവന്‍ മാറ്റി പുതിയ മണ്ണിട്ട് ഉറപ്പിച്ചില്ലെങ്കില്‍ ഭാവിയില്‍ ട്രാക്ക് താഴെയിരിക്കുമെന്ന് കരാറുകാർ അറിയിച്ചു. ഇതിനായി ഒരു കോടി രൂപ അധികം ചെലവഴിക്കണം. എസ്റ്റിമേറ്റ് പുതുക്കണം. മാസങ്ങളേറെ കഴിഞ്ഞിട്ടും എസ്റ്റിമേറ്റ് പുതുക്കുന്നതിന് സര്‍ക്കാരിന്‍റെ അനുമതി കാത്തിരിക്കുകയാണ് അധികൃതർ.
നിലവില്‍ ഫുട്ബോള്‍ ടര്‍ഫിന്‍റെ നിര്‍മാണം നടക്കുന്നുണ്ട്. ടര്‍ഫും സിന്തറ്റിക്ക് ട്രാക്കും പണി പൂര്‍ത്തിയാക്കിയാലും ഗ്യാലറി പ്രവര്‍ത്തന ക്ഷമമാക്കാന്‍ ഇനിയും കോടികള്‍ മുടക്കണം. 2006ല്‍ തുടങ്ങിയതാണ് ഇഎംഎസിന്‍റെ പേരിലുള്ള സ്റ്റേഡിയത്തിന്‍റെ നിര്‍മാണം. പതിനെട്ട് വര്‍ഷം കഴിഞ്ഞു. ഇനി എന്ന് ഇവിടെ പന്തുരുളുമെന്ന് ആർക്കുമറിയില്ല.