
കൽപ്പറ്റ: ''ഞാൻ എട്ടര മണിക്കടുത്ത് വരെ ഇവിടെയുണ്ടായിരുന്നു. ലോറി സമരം തുടങ്ങുന്നത് കാരണം ഇന്നലെ നേരത്തെ ഇറങ്ങിയതാണ്. തീവെച്ചയാൾ ഞാൻ പോയതിനു ശേഷമായിരിക്കാം എത്തിയത്. നിമിഷനേരം കൊണ്ട് എല്ലാം ചാമ്പലായി''- കൽപ്പറ്റക്ക് സമീപം മുട്ടിൽ എടപെട്ടിയിൽ ആക്രിക്കടയിലുണ്ടായ തീപിടിത്തത്തിന്‍റെ ഞെട്ടലിലാണ് കടയുടമ നാസര്‍. സംഭവം ആസൂത്രിതമാണെന്ന് സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് അന്വേഷണം തുടങ്ങി.
2002ൽ ആണ് നാസർ എടപെട്ടിയിൽ ആക്രി വ്യാപാരം തുടങ്ങുന്നത്. 22 വർഷം പിന്നിടുമ്പോൾ കച്ചവടവുമായി ബന്ധപ്പെട്ട് ശത്രുക്കൾ ആരുമില്ലെന്ന് അദ്ദേഹം പറയുന്നു. ഷോപ്പിൽ തന്നെയുള്ള സിസിടിവി ക്യാമറകളിലാണ് തീവച്ച ആളുടെതെന്ന് സംശയിക്കുന്ന ദൃശ്യം പതിഞ്ഞിട്ടുള്ളത്. പതുക്കെ ഒരാൾ അടുത്തെത്തുന്നതും പിന്നാലെ തീ പടരുന്നതും വീഡിയോയിലുണ്ട്. തീയിട്ട ശേഷം ഇയാള്‍ ഓടിപ്പോവുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പൊലീസ് സംഘം രാവിലെ സംഭവ സ്ഥലത്ത് പരിശോധന നടത്തി. നാസറിന്റെയും കടയിലെ തൊഴിലാളികളുടെയും മൊഴി രേഖപ്പെടുത്തി. സ്ത്രീകളടക്കം 19 ഓളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. അതേസമയം സിസിടിവി ദൃശ്യങ്ങളിൽ ഉള്ള ആളെ തനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് നാസർ പറഞ്ഞു. പ്രാഥമികമായി 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് കടയുടെ മാനേജർ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam