
ആലപ്പുഴ: ജില്ലയുടെ കായിക സ്വപ്നമായ ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിന്റെ പൂര്‍ത്തീകരണം പാതിവഴിയിലായിട്ട് വർഷങ്ങൾ പലത് കഴിഞ്ഞു. നിലവിൽ വ്യാപാര മേളകളല്ലാതെ കായിക രംഗവുമായി ബന്ധപ്പെട്ട ഇനങ്ങളൊന്നും ഇവിടെ നടക്കുന്നില്ല. ഇനിയെങ്കിലും പണി പൂര്‍ത്തീകരിക്കണ്ടേയെന്നാണ് കായികപ്രേമികള്‍ ചോദിക്കുന്നത്.
കിഫ്ബി സഹായത്തോടെ 8.62 കോടി മുടക്കി സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ട നിർമ്മാണത്തിന് സർക്കാർ അനുമതി നൽകിയെങ്കിലും വസ്തു ഉടമകളായ ആലപ്പുഴ നഗരസഭ ധാരണാപത്രം ഒപ്പിടാൻ തയ്യാറാകാത്തതാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തത്. സർക്കാരിന്റെ പണം നഗരസഭയ്ക്ക് നൽകുമ്പോൾ സർക്കാരുമായി ധാരണാപത്രം ഒപ്പിടണമെന്ന നിബന്ധന അംഗീകരിക്കാൻ നഗരസഭാ നേതൃത്വത്തിന് താത്പര്യമില്ല.
ധാരണയുണ്ടായാൽ മാത്രമേ ഈ പണം ഉപയോഗിച്ച് സ്റ്റേഡിയം നിർമ്മാണം പുനരാരംഭിക്കാൻ കഴിയൂ. സ്റ്റേഡിയം നടത്തിപ്പിന് സംയുക്ത കമ്മിറ്റി വരുമ്പോൾ ആറ് ഏക്കർ സ്ഥലവും സ്റ്റേഡിയത്തിൽ നിന്നുള്ള വരുമാനവും 'അന്യാധീന'മാവുമെന്ന ആശങ്കയാണ് നഗരസഭ അധികൃതർക്കുള്ളത്. സ്റ്റേഡിയത്തിലെ കടമുറികളിൽ നിന്നുള്ള വരുമാനം നഗരസഭയ്ക്ക് തന്നെയാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടും നഗരസഭ ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്.
സ്റ്റേഡിയം പൂർത്തിയാവുമ്പോൾ പരിപാലനച്ചെലവ് താങ്ങാൻ നഗരസഭയ്ക്കു കഴിയില്ല. അതുകൊണ്ട് പരിപാലനകാര്യം സ്പോർട്സ് കൗൺസിലിനു കൈമാറണമെന്നത് ധാരണാപത്രത്തിലെ ഒരു നിബന്ധനയായിരുന്നു. നിലവിൽ സ്റ്റേഡിയത്തിലെ കടമുറികളുടെ വാടക നഗരസഭയാണ് വാങ്ങുന്നത്. നഗരസഭാ പിതാവ് ചെയർമാനായും സെക്രട്ടറി കൺവീനറും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വൈസ് പ്രസിഡന്റും ഏതാനും അംഗങ്ങളുമുള്ള കമ്മിറ്റിയാണ് സർക്കാർ നിർദ്ദേശിച്ചത്.
എന്നാൽ നിരുപാധികമായി നവീകരണ പ്രവർത്തനങ്ങൾ വിട്ടുനൽകണമെന്നാണ് നഗരസഭയുടെ ആവശ്യം. .ഇ എം എസ് സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിൽ നവീകരിക്കാനാണ്സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എട്ടുവരി സിന്തറ്റിക് ട്രാക്കോടുകൂടിയ ഫുട്‌ബോൾ മൈതാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമായാൽ ആധുനിക ഫുട്‌ബോൾ മൈതാനം, ട്രിപ്പിൾ, ലോംഗ്ജമ്പ് പിറ്റുകൾ,കോൺഫറസ് ഹാൾ,കായിക താരങ്ങൾക്ക് താമസിക്കാനുള്ള സൗകര്യം തുടങ്ങിയവ സാക്ഷാത്കരിക്കും.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഇ.എം.എസ് സ്റ്റേഡിയത്തിന്റെ നിർമ്മാണം 2012ൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഫണ്ടിന്റെ അപര്യാപ്തതയായിരുന്നു ആദ്യഘട്ടത്തിലെ പ്രധാന പ്രശ്നം. ഫണ്ട് ലഭ്യമായപ്പോള്‍ സാങ്കേതിക വിഷയങ്ങൾ തടസങ്ങള്‍ സൃഷ്ടിച്ചു.2006ൽ ആണ് ആലപ്പുഴ നഗരത്തിലെ ഭട്ടതിരിപ്പുരയിടത്തിൽ സ്റ്റേഡിയം നിർമ്മാണം ആരംഭിച്ചത്. സംസ്ഥാന സർക്കാർ അനുവദിച്ച 17 കോടി ചെലവഴിച്ച് ആദ്യഘട്ട നിർമ്മാണം പൂർത്തീകരിച്ച് 2010ൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ഉദ്ഘാടനം നിർവ്വഹിച്ചു.
രണ്ടാംഘട്ടം പൂർത്തീകരിച്ച് 2012ലെ സന്തോഷ് ട്രോഫിക്ക് സ്റ്റേഡിയം വേദിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ വിജിലൻസ് അന്വേഷണത്തില്‍ കുടുങ്ങി തുടർ പ്രവർത്തനങ്ങൾ അവതാളത്തിലായി. 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, സ്റ്റേഡിയത്തിന് ബാക്കിഭാഗം, പവിലിയൻ, ബാത്ത് റൂം, ഓഫീസ്, കോൺഫറൻസ് ഹാൾ എന്നിവയാണ് ഇനി പൂര്‍ത്തീകരിക്കുവാനുള്ളത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam