
കോഴിക്കോട്: വ്യാജരേഖകൾ ചമച്ചും ആൾമാറാട്ടം നടത്തിയും കോഴിക്കോട് സിറ്റി സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും 26 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികൾ അറസ്റ്റിൽ. കടലുണ്ടി സുമതി നിവാസിൽ കെപി പ്രദീപൻ (40) , മൊടക്കല്ലൂർ പാലക്കൽ സിജുലാൽ (45) എന്നിവരാണ് അറസ്റ്റിലായത്.
കോഴിക്കോട് ടൗൺ എസ്എച്ച്ഒ ഉമേഷിൻ്റെ നേതൃത്വത്തിൽ എസ്ഐ മാരായ കെടി ബിജിത്ത്, വിനോദ് കുമാർ , സീനിയർ സിപിഒമാരായ സജേഷ് കുമാർ, സിജി, സിപിഒ അരുൺ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
2013ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രണ്ടാം പ്രതി സിജുലാലിൻ്റെ ബന്ധുകൂടിയായ നന്മണ്ട സ്വദേശിയുടെ 84 സെൻ്റ് സ്ഥലം 2009ൽ ബാലുശേരിയിലെ കെഡിസി ബാങ്ക് ശാഖയിൽ പണയം വച്ച കാര്യം മറച്ചുവെച്ച് ചേളന്നൂർ സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും ആധാരം പകർത്തി വാങ്ങി നോട്ടറി അറ്റസ്റ്റ് ചെയ്യിച്ച് വ്യാജ ഐഡി കാർഡ് അടക്കമുള്ള രേഖകൾ നിർമ്മിച്ചു.
ആൾമാറാട്ടം നടത്തിയാണ് ഇവർ സിറ്റി സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിൻ്റെ കല്ലായ് റോഡ് ശാഖയിൽ നിന്നും 26 ലക്ഷം രൂപ ലോൺ തരപ്പെടുത്തി തട്ടിപ്പ് നടത്തിയത്. ബാങ്കിൻ്റെ പരാതിയിൽ കഴിഞ്ഞ എട്ടു മാസമായി ടൗൺ പോലിസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരും അറസ്റ്റാലായത്. തമിഴ്നാട്ടിലും പാലക്കാടും കൂത്തുപറമ്പിലുമായി ഒളിവിൽ കഴിയികുയായിരുന്നു ഇവർ.
സിജുലാലിനെ കൂത്തുപറമ്പിൽ വെച്ചും പ്രദീപനെ കടലുണ്ടിയിൽ നിന്നുമാണ് പിടികൂടിയത്. പല സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിൽ നിന്നും ലോൺ വാങ്ങി ധൂർത്തടിച്ച് ജീവിക്കുകയാണ് ഇവരുടെ രീതി. സമാനമായ തട്ടിപ്പുകൾ സംഘം നടത്തിയിട്ടുണ്ടോയെന്നും സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam