വരവഴികളും കനാലിന്റെ സൗന്ദര്യവൽക്കരണവും; കൂടുതൽ സുന്ദരിയായി ആലപ്പുഴ ഒരുങ്ങുന്നു

By Web TeamFirst Published Sep 20, 2022, 6:23 PM IST
Highlights

കൊച്ചി ബിനാലേ ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ മുസിരിസ് പ്രൊജക്ട് ലിമിറ്റഡ്, ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായാണ് നഗരത്തിലെ പ്രധാന ചുവരുകളും, കനാൽ കരകളും നഗരത്തിന്റെ സാംസ്കാരിക അടയാളമായി മാറുന്ന രീതിയിൽ മനോഹരമാക്കുന്നത്. 

ആലപ്പുഴ: നഗരസഭ കനാൽ സൗന്ദര്യവൽക്കരണത്തിന്റേയും, മുസിരിസ് ഹെറിറ്റേജ് പ്രൊജക്ടിന്റേയും ഭാഗമായി ആലപ്പുഴ ന​ഗരം കൂടുതൽ മനോഹരിയാവുന്നു. ന​ഗരത്തിലെ  പ്രധാന ചുവരുകൾ ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിക്കഴിഞ്ഞു. കൊച്ചി ബിനാലേ ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ മുസിരിസ് പ്രൊജക്ട് ലിമിറ്റഡ്, ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായാണ് നഗരത്തിലെ പ്രധാന ചുവരുകളും, കനാൽ കരകളും നഗരത്തിന്റെ സാംസ്കാരിക അടയാളമായി മാറുന്ന രീതിയിൽ മനോഹരമാക്കുന്നത്. 

ആലപ്പുഴയുടെ പൈതൃകം വിളിച്ചോതുന്നതും, പഴയകാലത്തെ അനുസ്മരിപ്പിക്കുന്നതുമായ ചിത്രങ്ങളാണ് പദ്ധതിയുടെ ഭാഗമായി നഗരത്തിലെ പ്രധാന ചുവരുകളിൽ ഒരുക്കിയിരിക്കുന്നത്. എൻ സി ജോൺ കമ്പനിയുടെ മതിൽ, എസ് ഡി വി സ്കൂൾ മതിൽ, കല്ലുപാലത്തിനു വശങ്ങൾ, ലൈറ്റ് ഹൗസിനു സമീപം ജില്ലാ സ്പോർട്സ് കൗൺസിൽ മതിൽ തുടങ്ങിയ ഇടങ്ങളിലാണ് ലോകമേ തറവാട് ആലപ്പുഴക്ക് സമ്മാനിച്ച കലാദിനങ്ങളെ അനുസ്മരിക്കും വിധം ചിത്രങ്ങളൊരുക്കിയത്. നഗരസഭയുടേയും മുസിരിസ് ഹെറിറ്റേജ് പ്രോജക്ടിന്റേയും ക്ഷണമനുസരിച്ചാണ് ലോകപ്രശസ്ത ചിത്രകാരി അൻപു വർക്കി മുതൽ കലാവിദ്യാർത്ഥികൾ വരെ അണിനിരന്ന ആലപ്പുഴയുടെ മുഖഛായ മാറ്റുന്ന ''വരവഴികൾ'' പൂർത്തിയായത്. വഴിയിടങ്ങൾ വരയിലൂടെ മനോഹരമാക്കുന്ന പ്രവൃത്തിയുടെ ആദ്യഘട്ടമാണ് ഇപ്പോൾ പൂർത്തിയായത്. ആർട്ടിസ്റ്റുകളായ മോന ഇസ, ആന്റോ ജോർജ്ജ്, ശില്പ മേനോൻ, കാജൽ ദത്ത്, ബ്ലൈസ് ജോസഫ്, സുദർശന ബി ഷേണായ്, പി ശ്രുതി, ടി എം അശ്വതി, ജെ അമൃത, എ കെ വസുന്ധര, കാവ്യ എസ് നാഥ്, പ്രണവ് പ്രഭാകരൻ, ജിനിൽ മണികണ്ഠൻ, അർജ്ജുൻ ഗോപി, കെ വി വിഷ്ണു, പ്രിയൻ തുടങ്ങി കലാകാരന്മാരാണ് നഗരത്തിലെ ചുവരുകളെ കലകൊണ്ട് മനോഹരമാക്കിയത്. 

രണ്ടാം ഘട്ടമെന്ന നിലയിൽ നോർത്ത് പൊലീസ് സ്റ്റേഷൻ പരിസരം, സബ് ജയിൽ ചുവരുകൾ, ചില്ല ആർട്ട് കഫേ ഭാഗം, നഗരചത്വരം, ഇ പി സി കമ്പനി ഭാഗം തുടങ്ങീ കൂടുതൽ ചുവരുകളിലേക്ക് ക്യാൻവാസ് വ്യാപിപ്പിക്കും. മുസിരിസ് പ്രൊജക്ട് ലിമിറ്റഡ് നടപ്പിലാക്കിവരുന്ന കനാൽ സൗന്ദര്യ വൽക്കരണത്തിന്റെ ആദ്യഘട്ടമായി കല്ലുപാലം കനാൽകര ഉദ്യാനവൽകരിച്ച് പൊതുജനങ്ങൾക്ക് റീഫ്രെഷ്മെന്റ് സെന്ററാക്കി മാറ്റും. ശുചി മുറികളും പ്രവർത്തന സജ്ജമാക്കും. ശവക്കോട്ടപാലം കനാൽകരകൾ ലാൻറ് സ്കേപ്പും, പുൽത്തകിടികളും ഒരുക്കി മനോഹരമാക്കുക, മുപ്പാലത്തിനും ലൈറ്റ്ഹൗസിനും ഇടയിലെ കനാൽ കര വിശ്രമകേന്ദ്രമാക്കി മാറ്റുക, കനാൽകരകളിൽ ഫുട്പാത്ത്, സൈക്കിൾ ട്രാക്ക് എന്നിവയും ഒരുക്കുക എന്നീ പ്രവൃത്തികളും പദ്ധതിയുടെ ഭാഗമായി ഒരുക്കുമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യാരാജ് അറിയിച്ചു.

Read Also: സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രവാചക നിന്ദ; അടിമാലിയിൽ യുവാവ് അറസ്റ്റിൽ, റിമാൻഡ് ചെയ്തു

click me!