
ആലപ്പുഴ: ഒറ്റപ്രസവത്തില്‍ ജനിച്ച നാല് കണ്‍മണികള്‍ ഇന്ന് ഒരുമിച്ച് സ്കൂളിന്‍റെ പടികയറി. ആലപ്പുഴ നൂറനാട്ടെ രതീഷ് , സൗമ്യ ദമ്പതികളുടെ പെണ്‍മക്കളാണ് പ്രവേശനോല്‍സവം കെങ്കേമമാക്കി എൽ കെ ജിയിലേക്ക് കാലെടുത്തുവച്ചത്. പുത്തന്‍ ബാഗിൽ പെന്‍സിലും നോട്ട് ബുക്കുകളും എല്ലാം അടുക്കി പെറുക്കി വച്ചാണ് നാല് കുരുന്നുകളും ഒന്നിച്ച് സ്കൂളിലേക്കെത്തിയത്. അനാമികയും ആത്മികയും അദ്രികയും അവനികയും ഒന്നിച്ച് കൈ പിടിച്ച് സ്കൂളിലെക്കെത്തിയത് ഏവർക്കും സന്തോഷമുള്ള കാഴ്ചയായിരുന്നു. നൂറനാട്ടെ രതീഷ് സൗമ്യ ദമ്പതികൾക്ക് 2018 ലാണ് ഈ കണ്‍മണികള്‍ പിറന്നത്.
വീടിന് സമീപത്തെ എസ് കെ വി സ്കൂളിൽ എല് കെ ജി യിലേക്കാണ് ഈ കുരുന്നുകൾ ചുവട് വച്ചത്. പോകുന്നത് വല്യ സ്കൂളിലേക്കാണെന്ന സന്തോഷത്തിലായിരുന്നു കുഞ്ഞുങ്ങള്‍. കൈ നിറയെ ദൈവം കുഞ്ഞുങ്ങളെ സമ്മാനിച്ചു. പക്ഷെ അത്ര എളുപ്പമല്ല കാര്യങ്ങളെന്നാണ് അമ്മ സൗമ്യയുടെ പക്ഷം. പരസ്പരമുള്ള വഴക്ക് പരിഹരിക്കലാണ് പ്രധാന ജോലിയെന്നും സൗമ്യ കൂട്ടിച്ചേർത്തു.
അതേസമയം ഇന്ന് രാവിലെ സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം ഗവണ്‍മെന്‍റ് ഹയർസെക്കണ്ടറി സ്കൂളിലായിരുന്നു പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടനം നടന്നത്. കൊവിഡ് മഹാമാരി മൂലം ഏറ്റവും പ്രയാസം അനുഭവിച്ചത് കുഞ്ഞുങ്ങളാണെന്നും കഴിയാവുന്നത്ര പൊതുവിടങ്ങളില്‍ കളിയിടങ്ങൾ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ലോകം ശ്രദ്ധിക്കുന്ന നിലയിലാണ്. കൊവിഡ് കാലത്ത് നമ്മുടെ വിദ്യാലയങ്ങള്‍ക്ക് ദുര്‍ഗതി ഉണ്ടായില്ല. അക്കാദമിക് നിലവാരം ഇനിയും മെച്ചപ്പെടണം. എല്ലാ സ്കൂളും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും. വിദ്യാലയം നാടിന്‍റെ ഏറ്റവും വലിയ മതനിരപേക്ഷ കേന്ദ്രമാണ്. ജാതിയോ മതമോ കുഞ്ഞുങ്ങളെ വേര്‍തിരിക്കുന്നില്ല. മതനിരപേക്ഷത അപകടപ്പെടുത്താനുള്ള നീക്കത്തിനെതിരെ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പിൽ 312.88 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി; സൗജന്യ സ്കൂൾ യൂണിഫോമിന് 140 കോടി
കുട്ടികളുടെ സുരക്ഷയിൽ രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. രണ്ടു വർഷത്തെ കൊവിഡ് ഇടവളേയ്ക്ക് ശേഷമാണ് സംസ്ഥാനം ഇന്ന് പൂർണ്ണ അധ്യയന വർഷത്തിലേക്ക് കടന്നത്. പൊതു വിദ്യാഭ്യാസ മേഖലയിലെ 13,000 സ്‌കൂളുകളിലേക്ക് 43 ലക്ഷം കുട്ടികളാണെത്തിയത്. നാലുലക്ഷം കുട്ടികളാണ് ഒന്നാം ക്‌ളാസിൽ ചേർന്നിരിക്കുന്നത്. രണ്ടു വർഷം നടക്കാതിരുന്ന കായിക, ശാസ്ത്ര മേളകളും കലോത്സവങ്ങളും ഇക്കൊല്ലം ഉണ്ടാകും. പാഠപുസ്തക, യൂണിഫോം വിതരണം 90 ശതമാനം പൂർത്തിയായി. സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‍നെസ് പരിശോധന എല്ലായിടത്തും പൂർത്തിയായിട്ടില്ല. അടുത്ത ദിവസങ്ങളിലും ഈ പരിശോധന തുടരും. ഇനി ബാച്ചുകളോ, ഇടവേളകളോ, ഫോക്കസ് ഏരിയയോ ഒന്നുമില്ല. എല്ലാം പഠിക്കണം. ആദ്യ മൂന്നാഴ്ചയോളം റിവിഷനായിരിക്കും. മാസ്കും സാനിറ്റൈസറും നിർബന്ധമാണ്. ഭക്ഷണം പങ്കുവയ്കകരുത്. ഇതുവരെയുള്ള കണക്ക് പ്രകാരം 15 മുതൽ 17 വയസ്സ് വരെയുള്ള 54.12% കുട്ടികൾക്കും12നും 14നും ഇടയിലുള്ള 14.43% കുട്ടികൾക്കും രണ്ട് ഡോസ് വാക്സീൻ നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam