Asianet News MalayalamAsianet News Malayalam

ഇനി പുതിയ പഠനകാലം, സ്‍കൂളുകള്‍ തുറന്നു; വിദ്യാലയം നാടിന്‍റെ ഏറ്റവും വലിയ മതനിരപേക്ഷ കേന്ദ്രമെന്ന് മുഖ്യമന്ത്രി

കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ലോകം ശ്രദ്ധിക്കുന്ന നിലയിലാണ്. കൊവിഡ് കാലത്ത് നമ്മുടെ വിദ്യാലയങ്ങള്‍ക്ക് ദുര്‍ഗതി ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

schools opened in kerala and chief minister pinarayi vijayan inaugurated event
Author
Trivandrum, First Published Jun 1, 2022, 10:37 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു. സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി  പിണറായി വിജയന്‍ (Pinarayi Vijayan) ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം ഗവണ്‍മെന്‍റ് ഹയർസെക്കണ്ടറി സ്കൂളിലാണ് പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടനം നടന്നത്. കൊവിഡ് മഹാമാരി മൂലം ഏറ്റവും പ്രയാസം അനുഭവിച്ചത് കുഞ്ഞുങ്ങളാണെന്നും കഴിയാവുന്നത്ര പൊതുവിടങ്ങളില്‍ കളിയിടങ്ങൾ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ലോകം ശ്രദ്ധിക്കുന്ന നിലയിലാണ്. കൊവിഡ് കാലത്ത് നമ്മുടെ വിദ്യാലയങ്ങള്‍ക്ക് ദുര്‍ഗതി ഉണ്ടായില്ല. അക്കാദമിക് നിലവാരം ഇനിയും മെച്ചപ്പെടണം. എല്ലാ സ്കൂളും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും. വിദ്യാലയം നാടിന്‍റെ ഏറ്റവും വലിയ മതനിരപേക്ഷ കേന്ദ്രമാണ്. ജാതിയോ മതമോ കുഞ്ഞുങ്ങളെ വേര്‍തിരിക്കുന്നില്ല. മതനിരപേക്ഷത അപകടപ്പെടുത്താനുള്ള നീക്കത്തിനെതിരെ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികളുടെ സുരക്ഷയിൽ രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. രണ്ടു വർഷത്തെ കൊവിഡ് ഇടവളേയ്ക്ക് ശേഷമാണ് സംസ്ഥാനം ഇന്ന് പൂർണ്ണ അധ്യയന വർഷത്തിലേക്ക് കടന്നത്. പൊതു വിദ്യാഭ്യാസ മേഖലയിലെ 13,000 സ്‌കൂളുകളിലേക്ക് 43 ലക്ഷം കുട്ടികളാണെത്തിയത്. നാലുലക്ഷം കുട്ടികളാണ് ഒന്നാം ക്‌ളാസിൽ ചേർന്നിരിക്കുന്നത്. രണ്ടു വർഷം നടക്കാതിരുന്ന കായിക, ശാസ്ത്ര മേളകളും കലോത്സവങ്ങളും ഇക്കൊല്ലം ഉണ്ടാകും. പാഠപുസ്തക, യൂണിഫോം വിതരണം 90 ശതമാനം പൂർത്തിയായി. സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‍നെസ് പരിശോധന എല്ലായിടത്തും പൂർത്തിയായിട്ടില്ല. അടുത്ത ദിവസങ്ങളിലും ഈ പരിശോധന തുടരും. ഇനി ബാച്ചുകളോ, ഇടവേളകളോ, ഫോക്കസ് ഏരിയയോ ഒന്നുമില്ല. എല്ലാം പഠിക്കണം. ആദ്യ മൂന്നാഴ്ചയോളം റിവിഷനായിരിക്കും. മാസ്കും സാനിറ്റൈസറും നിർബന്ധമാണ്. ഭക്ഷണം പങ്കുവയ്കകരുത്. ഇതുവരെയുള്ള കണക്ക് പ്രകാരം 15 മുതൽ 17 വയസ്സ് വരെയുള്ള 54.12% കുട്ടികൾക്കും12നും 14നും ഇടയിലുള്ള 14.43% കുട്ടികൾക്കും രണ്ട് ഡോസ് വാക്സീൻ നൽകിയിട്ടുണ്ട്.

അധ്യാപകരുടെ കുറവാണ് ഒരു പ്രതിസന്ധി.1.8ലക്ഷം അധ്യാപകരാണ് ഇന്ന് സ്കൂളിലേക്ക് എത്തുന്നത്. 353 പേരെ കഴിഞ്ഞ ദിവസം നിയമിച്ചു. എന്നാൽ വിരമിക്കലിനും പ്രധാന അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനും ശേഷം എത്ര പേരുടെ കുറവുണ്ടെന്നതിൽ സർക്കാരിന് വ്യക്തമായ കണക്കില്ല. ദിവസ വേതനക്കാരെ നിയമിച്ച് അധ്യായനം മുടങ്ങാതെ നോക്കാനാണ് സർക്കാർ ശ്രമം. ഇതിനുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഡിജിറ്റൽ പഠനം സമാന്തരമായി മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ തീരുമാനം.

Latest Videos
Follow Us:
Download App:
  • android
  • ios