കോഴിക്കോട് നരിപ്പറ്റ പഞ്ചായത്തിലെ അറക്കലപൊയിലില്‍ പുലിയിറങ്ങിയതായി സംശയം. തെരുവ് നായയുടെ ജഡം പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെ നാട്ടുകാര്‍ ഭീതിയിലായി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
കോഴിക്കോട്: നരിപ്പറ്റ പഞ്ചായത്തിലെ മലയോര മേഖലയായ അറക്കലപൊയിലില്‍ പുലിയിറങ്ങിയതായി സംശയം. കഴിഞ്ഞ ദിവസം തെരുവ് നായയുടെ ജഡം പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് നാട്ടുകാര്‍ പുലി ഭീതിയിലായത്. നാട്ടിലൂടെ കറങ്ങി നടന്നിരുന്ന നായയെ അജ്ഞാത ജീവി പിടികൂടുന്നത് കണ്ടതായി പ്രദേശവാസിയായ കരുവന്റെപൊയില്‍ ചന്ദ്രന്‍ പറഞ്ഞിരുന്നു. സംഭവം കണ്ട് ഭയന്ന ചന്ദ്രന്‍ രക്ഷപ്പെടാന്‍ വേണ്ടി മരത്തില്‍ കയറിയെന്നും പറയുന്നു. വന്യജീവി തിരിച്ചുപോയെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇദ്ദേഹം താഴെയിറങ്ങിയത്.
പിന്നീട് പരിശോധിച്ചപ്പോഴാണ് നായയുടെ ജഡം പാതി ഭക്ഷിച്ച നിലയില്‍ കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയും അറക്കലപ്പൊയിലില്‍ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
