
ആലപ്പുഴ: അരനൂറ്റാണ്ടിന് മുൻപ് ഒരുമിച്ച് പഠിച്ചിറങ്ങിയ കലാലയ മുറ്റത്തേക്ക് ഓർമകളുടെ മധുരവുമായി അവർ വീണ്ടുമെത്തി. ആലപ്പുഴ ടിഡി മെഡിക്കൽ കോളജിലെ 1976 എംബിബിഎസ് ബാച്ച് വിദ്യാർത്ഥികളാണ് 50 വർഷങ്ങൾക്ക് ശേഷം 'സുവർണ സമാഗമം' എന്ന പേരിൽ വികാരനിർഭരമായി ഒത്തുചേർന്നത്.
1976ൽ പ്രവേശനം നേടിയ 80 അംഗ ബാച്ചിലെ 65 പേരാണ് രണ്ടു ദിവസത്തെ സുവർണ ജൂബിലി ആഘോഷങ്ങളിൽ പങ്കാളികളായത്. ഇവരിൽ പകുതിയോളം പേർ വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലുമാണ് താമസിക്കുന്നത്. തിരക്കുകൾ മാറ്റിവെച്ച് കുടുംബസമേതമാണ് ഡോക്ടർമാർ തങ്ങളുടെ പഴയ കലാലയത്തിലേക്ക് മടങ്ങിയെത്തിയത്. പ്രിയപ്പെട്ട ബാച്ചിലെ 15 സഹപാഠികൾ ഇതിനകം മൺമറഞ്ഞു.
പഠിച്ച കലാലയത്തോടുള്ള നന്ദിസൂചകമായി, ഒത്തുചേരലിന് മുന്നോടിയായി മൂന്നര ലക്ഷം രൂപ ചെലവഴിച്ച് ഇവർ കോളജിലെ 'വൃന്ദാവൻ ഗാർഡന്റെ' രണ്ടാം ഘട്ടം പൂർത്തിയാക്കി നൽകിയിരുന്നു. കോളേജിലെ പുതിയ അനാട്ടമി കൾച്ചറൽ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ അന്തരിച്ച സഹപാഠികൾക്ക് പ്രണാമം അർപ്പിച്ചു.
സുവർണ സമാഗമത്തിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ. ഷാനിമോൾ പി ഇ നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ ഡോ. എ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. തങ്ങളെ അറിവു പകർന്ന് വഴിനടത്തിയ പൂർവ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. ആദ്യ ദിനത്തിലെ ചടങ്ങുകൾക്ക് ശേഷം ആലപ്പുഴ പുന്നമട വേദിക് വില്ലേജിൽ വിരുന്നും വിവിധ കലാപരിപാടികളും നടന്നു. സമാഗമത്തിന്റെ രണ്ടാം ദിനത്തിൽ പുന്നമട ഹോട്ടൽ റമദയിലാണ് പൂർവ വിദ്യാർത്ഥികളും കുടുംബാംഗങ്ങളും വീണ്ടും ഒത്തുചേരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam