
ആലപ്പുഴ: ആലപ്പുഴ കടപ്പുറം വനിതാ-ശിശു ആശുപത്രിയില്‍ ലാപ്രോസ്‌കോപിക് ശസ്ത്രക്രിയക്കിടെയുണ്ടായ പിഴവിനെ തുടര്‍ന്നാണ് യുവതി മരിച്ചതെന്ന് ബന്ധുക്കളുടെ ആരോപണം. ആലപ്പുഴ പഴവീട് ശരത് ഭവനില്‍ ശരത്തിന്റെ ഭാര്യ ആശാ ശരത്തിന്റെ മരണത്തിലാണ് ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്.
ആലപ്പുഴ കണിയാകുളം ജങ്ഷനിലെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറില്‍ ഫാര്‍മസിസ്റ്റായ ആശയെ വെള്ളിയാഴ്ച രാവിലെയാണ് ശസ്ത്രക്രിയയ്ക്കായി കടപ്പുറം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ തന്നെ ശസ്ത്രക്രിയ തുടങ്ങി. പെട്ടെന്നാണ് രോഗി അസ്വസ്ഥത കാണിച്ചത്. ആശുപത്രിയിലെ തന്നെ ഡോക്ടര്‍മാരുടെ സംഘം ചികിത്സ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഹൃദയാഘാതമുണ്ടായതായാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ബന്ധുക്കള്‍ പ്രതിഷേധിച്ചതോടെയാണ് 45 മിനിറ്റിനു ശേഷം ആശയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിലിരിക്കെയാണ് യുവതിയുടെ മരണം.
ലാപ്രോസ്‌കോപിക് സര്‍ജറിക്ക് സാധാരണ സങ്കീര്‍ണതകളൊന്നുമുണ്ടാകാറില്ല. കടപ്പുറം ആശുപത്രി അധികൃതരുടെ വീഴ്ചയാണ് സംഭവത്തിനു പിന്നിലെന്നും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. ശസ്ത്രക്രിയക്കു മുന്‍പുള്ള പരിശോധനയില്‍ സങ്കീര്‍ണതയൊന്നുമുണ്ടായില്ലെന്നും പിന്നീടാണ് അപ്രതീക്ഷിതമായ സംഭവങ്ങളുണ്ടായതെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. സംഭവത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി കടപ്പുറം വനിതാ ശിശു ആശുപത്രി സൂപ്രണ്ടില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam