
നെടുങ്കണ്ടം: പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണ (Pulpally police station attack)കേസില്‍ വിചാരണയ്ക്ക് വിധേയനാവാതെ അഞ്ചര പതിറ്റാണ്ടോളം ഒളിവില്‍ കഴിഞ്ഞ അള്ളുങ്കല്‍ ശ്രീധരന്‍ (Allunkal Sreedharan) നിര്യാതനായി. കെ അജിത അടക്കം പ്രതികളായ കേസില്‍ വിചാരണക്ക് വിധേയനാകാതെ 'മാവടി തങ്കപ്പന്‍' എന്ന പേരിലാണ് ഇത്രകാലം ഒളിവില്‍ കഴിഞ്ഞത്. ഇടുക്കി ജില്ലയില്‍ നെടുങ്കണ്ടത്തിനടുത്ത് മാവടിയിലായിരുന്നു ഒളിവ് ജീവിതം.
ബോംബാക്രമണം,കൊലപാതകം,പൊലീസ് സ്റ്റേഷന്‍ ആക്രമണം (Naxalite Attack) തുടങ്ങി വിവിധ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന ആളായിരുന്നു അള്ളുങ്കല്‍ ശ്രീധരന്‍. വയനാട് പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണക്കേസിലെ കുറ്റപത്രത്തില്‍ ശ്രീധരന്‍റെ പേരുമുണ്ടായിരുന്നു. കേസിലെ പ്രതികളായി 16ാളം പേരെ പൊലീസ് കോടതിയില്‍ ഹാജരാക്കി. പ്രതിക്കൂട്ടില്‍ നിന്ന് ആരും കാണാതെ പിന്നിലേക്ക് വലിഞ്ഞ് മുങ്ങിയ ശ്രീധരന്‍ അന്ന് മുതല്‍ ആരംഭിച്ച ഒളിവ് ജീവിതം അവസാന നാള്‍ വരേയും തുടര്‍ന്നു.
നക്സലൈറ്റ് പ്രതികളുടെ കൂട്ടത്തില്‍ നിന്നും രക്ഷപെട്ട് പേരും മേല്‍വിലാസവും ഉപേക്ഷിച്ച് മറ്റൊരു പേരില്‍ ശ്രീധരന്‍ പുതിയ ജീവിതം ആരംഭിക്കുകയായിരുന്നു. മാവടിയില്‍ കൃഷിയും മറ്റുമായി കഴിയുന്നതിനിടയില്‍ 1984ല്‍ വിനോദ്മിത്ര ജനറല്‍ സെക്രട്ടറിയായ സി.പി.ഐ (എം.എല്‍.) കൂട്ടാറ്റില്‍ ഇടുക്കി ജില്ല ഘടകം രൂപവത്ക്കരിച്ചപ്പോള്‍ ശ്രീധരന്‍ പങ്കെടുക്കുകയും ജില്ല കമ്മറ്റിയംഗമാവുകയും ചെയ്തിരുന്നു. ആദിവാസി, കാര്‍ഷിക മേഖലകള്‍ കേന്ദ്രീകരിച്ച് കുറച്ച് കാലം പ്രവര്‍ത്തിക്കുകയും ചെയ്തു. സജീവ കര്‍ഷകനായിരിക്കെയാണ് അന്ത്യം.
കേരളത്തിൽ രാഷ്ട്രീയാധികാരം ലക്ഷ്യമിട്ടു നടന്ന ആദ്യ നക്സൽ സായുധ ഇടപെടലായിരുന്നു 1968 നവംബറിലെ തലശ്ശേരി പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണങ്ങൾ. വയനാട്ടില്‍ ജന്മിമാരുടെ ക്രൂരതയും പൊലീസിന്‍റെ നെറികേടുകളും വര്‍ധിച്ച കാലത്തായിരുന്നു ഈ സായുധ ഇടപെടല്‍ നടന്നത്. നവംബര്‍ 23 നക്സല്‍ വര്‍ഗീസിന്‍റെ നേതൃത്വത്തിലായിരുന്നു പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചത്.
പുല്‍പ്പള്ളി തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ആക്രമണങ്ങളില്‍ മരിച്ച ഒരാൾ ഉൾപ്പെടെ 149 പ്രതികളാണ് ഉണ്ടായിരുന്നത്. കുന്നിക്കൽ നാരായണനും കെ.പി.നാരായണനും മന്ദാകിനി നാരായണനുമായിരുന്നു ഗൂഢാലോചനക്കേസിലെ ആദ്യ 3 പ്രതികൾ. ഏഴര വർഷമാണ് കെ അജിത ഈ കേസിൽ തടവു ശിക്ഷ അനുഭവിച്ചത്. 1970 ഫെബ്രുവരി 18ന് നക്സല്‍ വര്‍ഗീസിനെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam