
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാൽ ചൊവ്വാഴ്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും. വൈകുന്നേരം നാല് മണി മുതൽ രാത്രി ഒൻപത് മണി വരെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ തത്കാലികമായി നിർത്തിവയ്ക്കുക. യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ പുതുക്കിയ യാത്രാസമയം ശ്രദ്ധിക്കണമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
ഒക്ടോബര്-നവംബര് മാസങ്ങളിലെ അൽപശി ആറാട്ടിനും മാര്ച്ച്-ഏപ്രില് മാസങ്ങളിലെ പൈങ്കുനി ആറാട്ടിലുമാണ് വിമാനത്താവളം നിശ്ചിത സമയത്തേക്ക് അടച്ചിടുന്നത്. അൽപശി ഉത്സവത്തിന്റെ ഭാഗമായി ശ്രീപദ്മനാഭസ്വാമിയെയും ഉപദേവന്മാരെയും ശംഖുമുഖം കടലില് ആറാടിച്ച ശേഷം ഘോഷയാത്ര തിരികെ ക്ഷേത്രത്തില് എത്തുന്നതോടെയാണ് പത്തു ദിവസം നീണ്ടു നിൽക്കുന്ന അല്പശി ഉത്സവത്തിന് സമാപനം. വിമാനത്താവളത്തിന് അകത്തു കൂടിയാണ് ഘോഷയാത്ര കടന്നുപോകുന്നത്.
1932ൽ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ചിത്തിരതിരുനാളിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം വിമാനത്താവളം ശംഖുമുഖത്തിന് സമീപത്തായി രൂപം കൊണ്ടത്. അതിനുമുൻപ് തന്നെ ശ്രീപത്മനാഭന്റെ ആറാട്ട് എഴുന്നള്ളത്തിനായി നിശ്ചിത യാത്രാമാർഗമുണ്ടായിരുന്നു. ആ പാതയുണ്ടായിരുന്നയിടത്താണ് പിന്നീട് വിമാനത്താവളത്തിന്റെ റൺവേ തയാറാക്കിയത്. ശ്രീപത്മനാഭന്റെ ആറാട്ടിന് ഈ പാത തന്നെ ഉണ്ടായിരിക്കണമെന്ന് രാജാവ് ആവശ്യപ്പെട്ടിരുന്നു. അന്നത്തെ കേന്ദ്ര സർക്കാരുമായി ഇക്കാര്യത്തിൽ കരാർ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതാണ് ഇന്നും പിന്തുടരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam