തെരഞ്ഞെടുപ്പിലെ കനത്ത പരാജയം; അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിടണമെന്ന് പ്രവർത്തകർ

By Web TeamFirst Published Dec 24, 2020, 8:45 AM IST
Highlights

ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച 14 സീറ്റുകളാണ് കോൺഗ്രസിന് നഷ്ടമായത്. പുറക്കാട് പഞ്ചായത്തിൽ 8 സീറ്റിൽ നിന്ന് 5 ആയും, പുന്നപ്ര തെക്കിൽ 5 ൽ നിന്ന് 2 ആയും, പുന്നപ്ര വടക്കിൽ 4 ൽ നിന്ന് മൂന്നായും സീറ്റുകുറഞ്ഞപ്പോൾ അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ ഒരു സീറ്റിൽപ്പോലും കോൺഗ്രസിനു വിജയിക്കാനായില്ല. 

അമ്പലപ്പുഴ: തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടർന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിടുണമെന്ന് പ്രവർത്തകർ.  നീർക്കുന്നം എൻ എസ് എസ് ഹാളിൽ  ചേർന്ന അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക് പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പു വിലയിരുത്തൽ യോഗത്തിലാണ് ബ്ലോക്ക് കമ്മിറ്റി തന്നെ പിരിച്ചുവിടണമെന്ന ആവശ്യം പ്രവർത്തകർ  ഉന്നയിച്ചത്. കെ പി സി സി സെക്രട്ടി കമ്പറ നാരായണൻ, ഡിസിസി പ്രസിഡന്‍റ് എ എ ഷുക്കൂർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് പ്രവർത്തകർ ഒന്നടങ്കം ആവശ്യമുന്നയിച്ചത്.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അടിയന്തിരമായി പിരിച്ചുവിട്ട് പകരം പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കണമെന്ന ആവശ്യമാണ് പ്രവർത്തകർ ഒന്നടങ്കം ഉന്നയിച്ചത്. ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച 14 സീറ്റുകളാണ് കോൺഗ്രസിന് നഷ്ടമായത്. പുറക്കാട് പഞ്ചായത്തിൽ 8 സീറ്റിൽ നിന്ന് 5 ആയും, പുന്നപ്ര തെക്കിൽ 5 ൽ നിന്ന് 2 ആയും, പുന്നപ്ര വടക്കിൽ 4 ൽ നിന്ന് മൂന്നായും സീറ്റുകുറഞ്ഞപ്പോൾ അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ ഒരു സീറ്റിൽപ്പോലും കോൺഗ്രസിനു വിജയിക്കാനായില്ല. ഉണ്ടായിരുന്ന രണ്ടു സീറ്റും നഷ്ടപ്പെട്ട് കനത്ത പരാജയം ഏറ്റുവാങ്ങാൻ കാരണം ബി ജെ പിയുമായുള്ള നേതാക്കളുടെ ഒത്തു കളിയാണന്നും വോട്ട് കച്ചവടമാണന്നും പ്രവർത്തകർ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്തിൽ കഴിഞ്ഞ തവണ ലഭിച്ച 5 സീറ്റ് ഇത്തവണ ഒന്നിലൊതുങ്ങി. മൂവായിരത്തിൽപ്പരം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ച ജില്ലാ പഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷനിൽ ഇത്തവണ 9705  വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി വിജയിച്ചു. തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ട സിസിസി ജനറൽ സെക്രട്ടറി പുറക്കാട് മത്സരിച്ച് തോറ്റത് അർഹതക്കുള്ള അംഗീകാരമായി കണ്ടാൽ മതിയെന്നും ഒരു വിഭാഗം പ്രവർത്തകർ പറഞ്ഞു. നേതൃത്വത്തിന്‍റെ വീഴ്ചയാണ് ഈ കനത്ത തോൽവിക്ക് കാരണമായതെന്നും അതിനാൽ അടിയന്തിരമായി ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിടാൻ നടപടി സ്വീകരിക്കണമെന്നുമായിരുന്നു പ്രവർത്തകരുടെ ആവശ്യം. 

വിഷയം ചൂടുപിടിച്ച ചർച്ചയിലെത്തിയതോടെ യോഗത്തിൽ ചേരിതിരിഞ്ഞ് വാക്കേറ്റമായി. ഒടുവിൽ മുതിർന്ന നേതാക്കൾ ഏറെ പരിശ്രമിച്ച് പ്രവർത്തകരെ ശാന്തരാക്കുകയായിരുന്നു. തുടർന്ന് വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്നതിന് കൂട്ടായ പ്രവർത്തനം വേണമെന്ന തീരുമാനം മാത്രം കൈക്കൊണ്ട് യോഗം വേഗത്തിൽ അവസാനിപ്പിച്ചു. തെരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന അമ്പലപ്പുഴയിലെ യുഡിഎഫ് കൺവീനർ കൂടിയായ ബ്ലോക്ക് സെക്രട്ടറി യോഗത്തിൽ നിന്ന് വിട്ടുനിന്നു.

click me!