കോഴിക്കോട് ചേളന്നൂരിലെ ക്ഷീര കർഷകനായ ഡാനിഷ് മജീദിന്റെ ഫാമിന്റെ സൈൻ ബോർഡ് ഒരു സംഘം ആളുകൾ പിഴുതുമാറ്റി. മുൻ വൈരാഗ്യമാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് കർഷകൻ കാക്കൂർ പോലീസിൽ പരാതി നൽകി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.

കോഴിക്കോട്: തന്റെ ഫാമിനോട് ചേര്‍ന്ന് സ്ഥാപിച്ച സൈന്‍ ബോര്‍ഡ് പിഴുതെടുത്ത് കൊണ്ടുപോയതായി കാണിച്ച് പോലീസില്‍ പരാതി നല്‍കി ക്ഷീര കര്‍ഷകന്‍. കോഴിക്കോട് ചേളന്നൂര്‍ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഡാനിഷ് ഡയറി ഫാം ഉടമ ഡാനിഷ് മജീദാണ് കാക്കൂര്‍ പോലീസില്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്. കോഴിക്കോട്-ബാലുശ്ശേരി സംസ്ഥാന പാതയില്‍ എസ്റ്റേറ്റ് റോഡിന് സമീപം 20,000 രൂപയോളം ചിലവിട്ട് സ്ഥാപിച്ച സൈന്‍ ബോര്‍ഡാണ് നഷ്ടമായത്. പരാതിക്കാരന്റെ പിതാവ് മജീദ് ഫാമിലേക്ക് വരുന്ന സമയത്ത് ഒരു സംഘമാളുകള്‍ ചേര്‍ന്ന് ബോര്‍ഡ് ഇളക്കി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്നത് കണ്ടതായി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 

കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരായാണ് പരാതി നല്‍കിയിരിക്കുന്നത്. മുമ്പ് ഫാമിലെ പശുക്കളെ ഉപദ്രവിച്ച കേസിലും ഇവര്‍ പ്രതികളാണെന്നും ഇതിന്റെ വൈരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്നും ഡാനിഷ് മജീദ് ആരോപിക്കുന്നു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. കാക്കൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.