പ്ലാസ്റ്റിക്ക് ഇനിയില്ല; അമ്പലപ്പുഴ പാല്‍പ്പായസ വിതരണം പേപ്പര്‍ ടിന്നുകളില്‍

By Web TeamFirst Published Jan 1, 2020, 7:58 PM IST
Highlights

പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതോടെ അരവണയും പാൽപ്പായസവും പുതിയ രീതിയിൽ പേപ്പർ ടിന്നുകളിലാക്കിയാണ് വിതരണം ആരംഭിച്ചത്

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പാൽപ്പായസ വിതരണത്തിന് ഇനി മുതൽ പേപ്പർ ടിന്നുകൾ. പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതോടെ ഇന്ന് മുതൽ പേപ്പർ ടിന്നുകളിലാണ് പായസ വിതരണം ആരംഭിച്ചത്. നിലവിൽ  പ്ലാസ്റ്റിക് ടിന്നുകളിലായിരുന്നു പായസം നൽകിവന്നിരുന്നത്.

പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതോടെ അരവണയും പാൽപ്പായസവും പുതിയ രീതിയിൽ പേപ്പർ ടിന്നുകളിലാക്കിയാണ് വിതരണം ആരംഭിച്ചത്. ആലുവയിലെ ഒരു സ്വകാര്യ കമ്പനിക്കാണ് ടിന്നുകൾ നിർമിക്കാനുള്ള കരാർ ദേവസ്വം ബോർഡ് നൽകിയിരിക്കുന്നത്. ഒരു ലിറ്ററിന്റെയും അര ലിറ്ററിന്റെയും ടിന്നുകളിലായാണ് പായസം വിതരണം ചെയ്യുന്നത്.

ഒരു ലിറ്റർ പായസത്തിന് 160 ഉം അര ലിറ്ററിന് 80 രൂപയുമാണ് വില. പായസം നിറച്ച ശേഷം യന്ത്രസഹായത്താൽ പേപ്പറുകൊണ്ടുതന്നെയാണ് ടിൻ അടക്കുന്നത്. ഒരു ദിവസം ഒരു ലിറ്ററിന്റെ ടിൻ 150 ഉം അര ലിറ്ററിന്റ 120 ഉം എണ്ണം വേണ്ടിവരുമെന്നാണ് ദേവസ്വം അധികൃതർ പറയുന്നത്. ദേവസ്വം ഡപ്യൂട്ടി കമ്മീഷണർ ജി. ബൈജു പുതിയ ടിന്നുകൾ നൽകി ഉദ്ഘാടനം നിർവഹിച്ചു.

click me!