ലോറിയില്‍ ഉണക്കമീന്‍, പരിശോധിച്ചപ്പോള്‍ ഞെട്ടി; കേരളത്തിലേക്ക് കടത്തുന്നതിനിടെ 1200 കിലോ കഞ്ചാവ് പിടികൂടി

By Web TeamFirst Published Jan 17, 2023, 7:51 PM IST
Highlights

ഉണക്ക മീനുമായി എത്തിയ ലോറി സംശയം തോന്നിയതിനെ തുടർന്ന്  പൊലീസുകാർ  തടഞ്ഞു നിർത്തി വിശദമായി പരിശോധിച്ചു. അപ്പോഴാണ് ഉണക്ക മീനിനടിയിൽ ഒളിപ്പിച്ച നിലയിൽ 1200 കിലോ കഞ്ചാവ് കണ്ടെത്തിയത്. 

തേനി: ആന്ധ്രയിൽ നിന്നും തമിഴ്നാട് വഴി കേരളത്തിലേക്ക് കടത്തുകയായിരുന്ന 1200 കിലോ കഞ്ചാവ് തമിഴ്നാട് പോലീസ് പിടികൂടി. ലോറിയില്‍ കഞ്ചാവുമായി എത്തിയ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രയിൽ നിന്നും വിഴുപ്പുറം വഴി  വൻ തോതിൽ കഞ്ചാവ് തമിഴ് നാട്ടിലേക്ക് എത്തുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വന്‍ കഞ്ചാവ് കടത്ത് പിടികൂടിയത്.

രഹസ്യ വിവരത്തെ തുടർന്ന് സൗത്ത് സോൺ ഐ ജി അതിര്‍ത്തിയിലടക്കം പരിശോധനക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. മധുര - തേനി ജില്ലകളുടെ അതിർത്തിയിലുള്ള തിമ്മരശ  നായ്ക്കനൂർ   ചെക്ക് പോസ്റ്റിൽ പരിശോധന നടത്തുന്നതിനിടെ രാമനാഥ പുരം ജില്ലയിൽ രജിസ്റ്റർ ചെയ്ത ഒരു ലോറി എത്തി. ഉണക്ക മീനുമായി എത്തിയ ലോറി സംശയം തോന്നിയതിനെ തുടർന്ന്  പൊലീസുകാർ  തടഞ്ഞു നിർത്തി വിശദമായി പരിശോധിച്ചു. അപ്പോഴാണ് ഉണക്ക മീനിനടിയിൽ ഒളിപ്പിച്ച നിലയിൽ 1200 കിലോ കഞ്ചാവ് കണ്ടെത്തിയത്. 

പത്തിലധികം ചക്കുകളിൽ നിറച്ചാണ് കഞ്ചാവ് വച്ചിരുന്നത്. തുടർന്ന് വാഹനത്തിൽ ഉണ്ടായിരുന്ന രാമനാഥ പുരം തങ്കച്ചി മഠം സ്വദേശികളായ സെൽവരാജ്, ചിന്നസ്വാമി, അബൂബക്കർ സിദ്ധിക്ക് എന്നിവരെ അറസ്റ്റ് ചെയ്തു. ലോറിയും കസ്റ്റഡിയിൽ എടുത്തു.   ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് കൊണ്ടു വന്നതെന്ന് പിടിയിൽ ആയവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഘത്തിലെ തലവനായ അബൂബക്കർ സിദ്ധിക്ക് ശ്രീലങ്കയിലേക്ക് കഞ്ചാവ് കടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

ശബരിമല സീസൺ ആയതിനാൽ പരിശോധന കുറവാണെന്നു മനസ്സിലാക്കിയാണ് ഇത്തവണ ഈ റൂട്ട് തിരഞ്ഞെടുത്തതെന്ന് പ്രതികള്‍ പറഞ്ഞു. തേനി ജില്ലയിലെ കമ്പത്ത് കഞ്ചാവ് എത്തിച്ച ശേഷം പച്ചക്കറികൊപ്പം കേരളത്തിലേക്ക് കടത്താൻ ആയിരുന്നു ശ്രമം. ശബരിമലയിലേക്ക് സാധനങ്ങൾ കൊണ്ടു പോകുന്ന വാഹനം എന്ന് ബാനർ വച്ച് കൊണ്ടു പോകാനും ഇവർ പദ്ധതി ഇട്ടിരുന്നതായി പ്രതികള്‍ പൊലീസിനോട് പറഞ്ഞു. 

ഇത്രയും വലിയ അളവിൽ കഞ്ചാവ് കൊണ്ടു വന്നത് ആരുടെ നിർദ്ദേശ പ്രകാരം ആണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താൻ തെരച്ചിൽ ഊർജിതമാക്കിയിയിട്ടുണ്ട്. മയക്കു മരുന്ന് കടത്ത് തടയാൻ സൗത്ത് സോൺ ഐജി അർഷ ഗാർഗ്‌ എസ് ഐ മാരുടെ നേതൃത്വത്തിൽ പലയിടത്തും പ്രത്യേക സംഘത്തെ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ട്. എന്തായാലും കഞ്ചാവ് കടത്ത് സംഘത്തിന്‍റെ കേരള ബന്ധവും അന്വേഷിക്കാനൊരുങ്ങുകയാണ് തമിഴ്നാട് പൊലീസ്.

Read More : ഉത്സവപ്പറമ്പില്‍ വാക്കേറ്റം: മകനുമായുള്ള പ്രശ്നം ചോദിക്കാനെത്തി, യുവാവിനെ വെട്ടി; മൂന്ന് പ്രതികള്‍ പിടിയില്‍
 

click me!