
മൂന്നാർ: സ്വകാര്യ സ്കൂളിലെ അധ്യാപകനെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന വെള്ളയാംകുടി സ്വദേശി അരുൺ തോമസിനെ (45) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വ രാവിലെ 10 30 ഓടെ സ്കൂളിലെത്തിയ ഇദ്ദേഹം 11 ഓടെ തിരികെ വീട്ടിൽ എത്തി. വീട്ടിലുണ്ടായിരുന്ന പിതാവിനോട് ഒന്നും മിണ്ടാതെ മുറിക്കുള്ളിലേക്ക് കടന്ന് കതകടച്ചു. പുറത്തേക്കിറങ്ങിയ പിതാവ്, ഏറെ നേരമായി മുറിക്കുള്ളിൽ തന്നെ കഴിഞ്ഞിരുന്ന മകനെ അന്വേഷിച്ച് വീടിനുള്ളിൽ കയറി. കതകിൽ മുട്ടി വിളിച്ചെങ്കിലും അനക്കമുണ്ടായില്ല. കതക് അകത്ത് നിന്നും കുറ്റിയിട്ട നിലയിലായിരുന്നു. സംശയം തോന്നി ജനലിലൂടെ നോക്കിയപ്പോഴാണ് അരുൺ തോമസിനെ തൂങ്ങിയ നിലയിൽ കണ്ടത്.
ഉടൻ തന്നെ സ്കൂളിൽ വിളിച്ച് വിവരം അറിയിച്ചു. നാട്ടുകാരും അധ്യാപകരും കുട്ടികളും എത്തി വാതിൽ പൊളിച്ച് ഇദ്ദേഹത്തെ മൂന്നാർ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൂന്നാർ പൊലീസെത്തി മേൽ നടപടികൾ സ്വീകരിച്ചതിനു ശേഷം പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ. മെർലിൻ. മക്കൾ. ആൻറോസ്, ആൻമരിയ. മരണം സംബന്ധിച്ചുള്ള അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം അധ്യാപകനെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി മൂന്നാർ പൊലീസ് പിന്നീട് അറിയിച്ചു. അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് വിവരിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അധ്യാപകൻ അസ്വസ്ഥനായിരുന്നു എന്നാണ് വിവരം. സ്കൂളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോയെന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഇക്കാര്യത്തിലടക്കം അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam