
മലപ്പുറം: തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം കൊണ്ടാണെന്ന പ്രസ്താവനയിൽ അനിൽകുമാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് വനിതാ ലീഗ്. പൊന്നാനിയിൽ വനിതാ ലീഗ് അനിൽ കുമാറിനെ കറുത്ത തട്ടമണിയിച്ചുള്ള പ്രതീകാത്മ പ്രതിഷേധം സംഘടിപ്പിച്ചു. സി പി എമ്മിന്‍റെ മത വിരുദ്ധ അജണ്ടയാണ് സി പി എം സംസ്ഥാന സമിതി അംഗമായ അനിൽ കുമാറിന്‍റെ തട്ടം പരാമർശത്തിലൂടെ പുറത്തുവന്നതെന്നും ഇതിനെതിരെ പ്രതിഷേധങ്ങൾ തുടരുമെന്നും വനിതാ ലീഗ് അഭിപ്രായപ്പെട്ടു.
അതേസമയം നേരത്തെ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമടക്കമുള്ളവരും അനിൽകുമാറിനെതിരെ രംഗത്ത് വന്നിരുന്നു. ഹർകിഷൻ സിംഗ് സുർജിത്തിന്റെ തലപ്പാവ് ഒഴിവാക്കാൻ കഴിയാത്ത ആളുകളാണ് തട്ടം മാറ്റാൻ നടക്കുന്നതെന്നാണ് പി എം എ സലാം പറഞ്ഞത്. വിശ്വാസങ്ങളുടെ മേൽ എന്താണ് സി പി എം ചെയ്തത് എന്ന് ഇപ്പോൾ പരസ്യമായി പറയുകയാണെന്നും മലപ്പുറത്ത് ആരാണ് തട്ടം ഒഴിവാക്കിയത് എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം സമുദായത്തിലെ പുതിയ തലമുറ പോലും തട്ടം ഇടുന്നുണ്ടെന്നും തട്ടം ഇടുന്നത് കൊണ്ട് എന്ത് പ്രശ്നം ആണ് ഉള്ളതെന്നും പി എം എ സലാം ചോദിച്ചു.
അതിനിടെ അനിൽകുമാറിന്റെ പ്രസ്താവന തള്ളി സി പി എം സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയിരുന്നു. വസ്ത്രധാരണം ഒരോ മനുഷ്യന്‍റെയും ജനാധിപത്യ അവകാശമാണെന്നും അതില്‍ ആരും കടന്നുകയറേണ്ട എന്നാണ് പാര്‍ട്ടി നിലപാടെന്നുമാണ് എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. അനിൽകുമാറിന്‍റെ പ്രസ്താവന തള്ളി കെ ടി ജലീൽ അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. തട്ടമിടാത്തത് പുരോഗമനത്തിന്‍റെ അടയാളമേ അല്ലെന്ന് പറഞ്ഞ കെ ടി ജലീൽ, ഒരു വ്യക്തിയുടെ അബദ്ധം ഒരു പാർട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കാൻ ശ്രമിക്കുന്നത് തികഞ്ഞ വിവരക്കേടാണെന്നും ചൂണ്ടികാട്ടി. കാളപെറ്റു എന്ന് കേൾക്കുമ്പോഴേക്ക് കയറെടുക്കുന്ന പ്രവണത ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം