
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്രക്കാരിയുടെ ബാഗിൽ നിന്നും 20 പവൻ സ്വർണം കവർന്നതായി പരാതി. പോത്തൻകോട് വാവറഅമ്പലം സ്വദേശി ഷമീന ബീവിയുടെ സ്വർണമാണ് നഷ്ടമായത്. നെടുമങ്ങാട് പനവൂരിലുള്ള മരുമകളുടെ വീട്ടിൽ പോയി തിരികെ വരുന്ന വഴി ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
പോത്തൻകോട് ബസ് സ്റ്റാൻഡിലിറങ്ങി പച്ചക്കറി കടയിൽ സാധനം വാങ്ങാൻ ബാഗ് തുറന്നപ്പോഴാണ് സിബ്ബ് തുറന്ന നിലയിൽ കണ്ടത്. പരിശോധിച്ചപ്പോൾ പേഴ്സിലുണ്ടായിരുന്ന സ്വർണം നഷ്ടമായെന്ന് മനസ്സിലായി. ആറ് വള, ഒരു നെക്ലേസ്, രണ്ട് ജോഡി കമ്മൽ, അഞ്ച് മോതിരം എന്നിവയാണ് നഷ്ടപ്പെട്ടതെന്ന് ഷമീന ബീവി പറഞ്ഞു. ഹാൻഡ് ബാഗിനുള്ളിലെ ചെറിയ പേഴ്സിനകത്ത് പ്ലാസ്റ്റിക് ബോക്സിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്.
നെടുമങ്ങാട്, വെഞ്ഞാറമൂട്, പോത്തൻകോട് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടുണ്ട്. പോത്തൻകോട് പോലീസ് ഷമീന ബീവിയുടെ വീട്ടിലെത്തി മൊഴിയെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സി.സി.ടി.വി ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.
വെള്ളിയാഴ്ച കെഎസ്ആർടിസി ബസിൽ പോത്തൻകോട് വന്നിറങ്ങിയ മറ്റൊരാളുടെ 90,000 രൂപ നഷ്ടമായതായും പൊലീസിൽ പരാതി ലഭിച്ചിരുന്നു. ഈ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും മോഷണം. ഓണത്തിരക്ക് ആരംഭിച്ചതിനാൽ ബസ് യാത്രകളിൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam